ടീം ഇന്ത്യയ്ക്ക് ഒരു കോഹിനൂര്‍ രത്‌നമുണ്ട്, ഏത് ടീമും ആ താരത്തെ ആഗ്രഹിക്കും, തുറന്ന് പറഞ്ഞ് മെഗ്രാത്ത്
ഇന്ത്യന്‍ താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ പ്രശംസ കൊണ്ട് മൂടി മുന്‍ ഓസീസ് പേസര്‍ ഗ്രെഗ് മെഗ്രാത്ത്. ഇന്ത്യന്‍ ടീമിലെ അസാമാന്യ പ്രതിഭയെന്നാണ് മെഗ്രാത്ത് ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ വിശേഷിപ്പിക്കുന്നത്.
ഹര്‍ദിക്കിനെ പോലൊരു താരം ഏതൊരു ടീമും ആഗ്രഹിക്കും. ക്രിക്കറ്റ് എന്നത് ആത്മവിശ്വാസത്തിന്റെ കളിയാണ്. ഹര്‍ദിക്കില്‍ ആത്മവിശ്വാസം വേണ്ടുവോളം കാണാം. നന്നായി ബൗള്‍ ചെയ്താല്‍ അയാള്‍ക്ക് നന്നായി ബാറ്റ് ചെയ്യാനുള്ള ആത്മവിശ്വാസം കൈവരും. ആദ്യം ബാറ്റ് ചെയ്താലും ഇതേ അവസ്ഥയാണ്. ബുദ്ധിമാനായ ബൗളറും പവര്‍ ഹിറ്ററുമായ ഹര്‍ദിക് ലക്ഷ്വറി താരമാണ്’ മെഗ്രാത്ത് തുറന്ന് പറയുന്നു.
ക്രിക്കറ്റിലെ വിവിധ ഫോര്‍മാറ്റുകളുടെ ഭാവിയെ കുറിച്ചും മെഗ്രാത്ത് വാചാലനായി. ‘ട്വന്റി20 ക്രിക്കറ്റിന്റെ പ്രചാരത്തിന് മുന്നില്‍ ഏകദിന ക്രിക്കറ്റിന് എത്രകാലം പിടിച്ചു നില്‍ക്കാന്‍ സാധിക്കുമെന്ന് അറിയില്ല. എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റ് കാലത്തെ അതിജീവിക്കും. തനിക്ക് എന്നും ക്രിക്കറ്റ് എന്നാല്‍ ടെസ്റ്റ് ആണ്. ഏകദിന ക്രിക്കറ്റ് നല്‍കിയ ഓര്‍മകളും ഏറെ പ്രിയപ്പെട്ടതാണ്’ മെഗ്രാത് പറഞ്ഞു.
ഏകദിന ക്രിക്കറ്റ് ആകര്‍ഷകമാക്കാന്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും മെഗ്രാത് അഭിപ്രായപ്പെട്ടു.
ഓസ്‌ട്രേലിയക്കായി നിരവധി ലോകകപ്പുകള്‍ സമ്മാനിച്ചിട്ടുളള പേസ് ബൗളറാണ് മെഗ്രാത്ത്. ലോകത്തെ ഏറ്റവും മികച്ച പേസ് ബൗളറായി വിലയിരുത്തപ്പെടുന്ന താരം കൂടിയാണ് മെഗ്രാത്ത്.