ഹാട്രിക്ക് ഹീറോ എംബാപ്പെ!, വിജയം സന്തോഷം നൽകുന്നുവെന്നു കളിയിലെ താരം എംബാപ്പെ

ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൂവിൽ വെച്ചു നടന്ന ചാമ്പ്യൻസ്‌ലീഗ് റൗണ്ട് ഓഫ് 16 ആദ്യപാദ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളിന്റെ മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ് പിഎസ്‌ജി. സൂപ്പർതാരം നെയ്മറുടെ അഭാവത്തിൽ സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഹാട്രിക്കോടുകൂടിയുള്ള തകർപ്പൻ പ്രകടനമാണ് പിഎസ്‌ജിക്ക് അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള ചവിട്ടുപടിയെന്നോണം മികച്ച വിജയം നേടിക്കൊടുത്തത്. ബാഴ്സക്കായി ലയണൽ മെസിയാണ് പെനാൽറ്റിയിലൂടെ ഏക ഗോൾ കണ്ടെത്തിയത്.

ആദ്യപകുതിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച ബാഴ്‌സ രണ്ടാം പകുതിയിൽ എല്ലാ അർത്ഥത്തിലും മെച്ചപ്പെട്ട പിഎസ്‌ജിക്കു മുന്നിൽ അടിയറവു പറയുകയായിരുന്നു. എംബാപ്പേക്കൊപ്പം മൊയ്‌സ് കീനും ഗോൾപട്ടികയിൽ ഇടം കണ്ടെത്തിയതോടെ മികച്ച വിജയം പിഎസ്‌ജി സ്വന്തമാക്കുകയായിരുന്നു. ക്യാമ്പ് നൂവിലെ ഈ വിജയം വളരെയധികം സന്തോഷം നൽകുന്ന ഒന്നാണെന്നു എംബാപ്പെ വെളിപ്പെടുത്തി. മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു എംബാപ്പെ.

“ഞങ്ങൾ വളരെയധികം സന്തോഷവാനാണ്. ഇതു ഞങ്ങൾക്ക് വളരെയധികം പ്രധാനപ്പെട്ട ഒരു മത്സരം തന്നെയായായിരുന്നു. ഇവിടെ വന്നു വിജയം സ്വന്തമാക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. ഞങ്ങൾ അതു മികച്ച രീതിയിൽ തന്നെ നിർവഹിച്ചു. ഇനി ലീഗിൽ ഞങ്ങൾക്ക് ഒരു പ്രധാനമത്സരം കൂടിയുണ്ട്.( സ്വന്തം തട്ടകത്തിൽ മൊണാകോ). ”

“ഈ രാത്രി മഹത്തരമായിരുന്നുവെങ്കിലും ഞങ്ങൾ ഇതുവരെയും ഒന്നും നേടിയെന്നു പറയാറായിട്ടില്ല. ഞാൻ വളരെയധികം സന്തോഷവാനാണ്. എപ്പോഴും എന്റെ മികവ് പുറത്തെടുക്കാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കാറുള്ളത്. എല്ലായ്പോഴും അത് പുറത്തെടുക്കാൻ എനിക്ക് പറ്റാറില്ല. ഒരിക്കലും ഞാനത് എന്റെ ജീവിതത്തിൽ ഒളിപ്പിച്ചു വെച്ചിട്ടില്ല.” എംബാപ്പെ ആർഎംസി സ്പോർട്ടിനോട് പറഞ്ഞു.

You Might Also Like