എംബപ്പേയും ഗ്രീസ്‌മാനും തമ്മിലടിച്ചു; ഫ്രഞ്ച് ടീമിൽ കൊട്ടാര വിപ്ലവമോ?

യൂറോ പ്രീ ക്വാർട്ടറിൽ ആരാധകരെ ഞെട്ടിച്ച ഫ്രാൻസിന്റെ പുറത്താവലിന് പിന്നിൽ താരങ്ങൾ തമ്മിലുള്ള കിട മത്സരം കൂടി കാരണമായെന്ന് റിപ്പോർട്ട്. ഫ്രാൻസിന്റെ പരാജയത്തിന് പ്രധാന കാരണമായി പെനാൽറ്റി ‘തുലച്ച’ എമ്പാപ്പെക് നേരെ തന്നെയാണ് ടീമിലെ പടലപ്പിണക്കത്തിന്റെയും കുന്തമുന നീളുന്നത്.
ടൂർണമെന്റിന്റെ തുടക്കത്തിൽ മുന്നേറ്റനിരയിലെ എംബാപ്പയുടെ പ്രകടനത്തെ വിമർശിച്ച സഹതാരം ഒലിവർ ജിറൂടുമായി എംബപ്പേ ഉടക്കിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഒടുവിലിതാ ബാഴ്‌സിലോണ സൂപ്പർതാരം അന്റോണിയോ ഗ്രീസ്മാന് കളിക്കളത്തിൽ ലഭിക്കുന്ന പ്രാധാന്യത്തിൽ എംബപ്പേ അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യുന്ന ഫ്രഞ്ച് ദിനപത്രം L’Equipe.
ഗ്രീസ്മാനോട് എംബാപ്പെക്ക് അസൂയയായിരുന്നുവെന്നും, ഗ്രീസ്മാൻ ഫ്രീകിക്കുകൾ എടുക്കുന്നത് 22കാരനായ എംബപ്പേ തടഞ്ഞിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ടീമിലെ മുതിർന്ന താരങ്ങൾ പോലും എംബാപ്പയുടെ പ്രവർത്തികളിൽ അസ്വസ്ഥരായിരുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
ജിറൂടുമായി കൊമ്പുകോർത്ത എംബാപ്പയുടെ നടപടിയിൽ നായകൻ ഹ്യൂഗോ ലോറിസ് പോലും കടുത്ത അമർഷത്തിലായിരുന്നുവെന്ന് ഉദാഹരണസഹിതം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എംബാപ്പയുടെ ‘ഈഗോ’ ഫ്രഞ്ച് ടീമിനെ ദോഷകരമായി ബാധിച്ചു തുടങ്ങിയെന്ന് പിഎസ്‌ജിയിലും, ഫ്രഞ്ച് ടീമിലും താരത്തിന്റെ മുൻഗാമിയായിരുന്ന ജെറോം ലോതം കഴിഞ്ഞമാസം മുന്നറിയിപ്പ് നൽകിയത് ഇതോട് ചേർത്തുവായിക്കേണ്ടതാണ്.