ചാമ്പ്യൻസ്‌ലീഗിൽ മെസിയുടെ അപൂർവ റെക്കോർഡ് തകർത്ത് എംബാപ്പെ, ഭീഷണിയായി ഹാളണ്ടും

ചൊവ്വാഴ്ച രാത്രി നടന്ന പിഎസ്‌ജിയുടെ ഇസ്താംബൂൾ ബെസാക്സെഹിറുമായുള്ള മത്സരം ഫോർത്ത് ഒഫീഷ്യലിനെതിരെ വംശീയധിക്ഷേപരോപണമുയർന്നതോടെ നിർത്തിവെക്കേണ്ടി വന്നിരുന്നു. അത് ബുധനാഴ്ചത്തേക്ക് യുവേഫ മാറ്റിവെച്ചിരുന്നു. അതായത് ഇന്നലെവീണ്ടും നടന്ന ആ മത്സരത്തിൽ പിഎസ്‌ജി ഇസ്താംബൂളിനെതിരെ അഞ്ചു ഗോളിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു.

മത്സരത്തിൽ നെയ്മറിന്റെ ഹാട്രിക്കിനൊപ്പം ഇരട്ടഗോൾ നേടിയത് സൂപ്പർതാരമായ കിലിയൻ എംബാപ്പെയായിരുന്നു. എംബാപ്പെയുടെ ഗോൾനേട്ടത്തിൽ തകർന്നത് സൂപ്പർതാരം സാക്ഷാൽ ലയണൽ മെസിയുടെ റെക്കോർഡായിരുന്നു. ചാമ്പ്യൻസ്‌ലീഗിൽ ഇരുപത് ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലയണൽ മെസിയുടെ റെക്കോർഡാണ് എംബാപ്പെ ഇസ്താംബൂളിനെതിരായ ഇരട്ടഗോൾ നേട്ടത്തോടെ തകർത്തത്. 21 വയസും 355 ദിവസവുമാണ് ഈ റെക്കോർഡ് തകർക്കുമ്പോഴത്തെ എംബാപ്പെയുടെ പ്രായം.

22 വയസും 266 ദിവസമാണ് ചാമ്പ്യൻസ്‌ലീഗിൽ മെസി 20 ഗോൾ നേടിയപ്പോഴത്തെ പ്രായം. ലാലിഗയിലെ തന്നെ റയൽ മാഡ്രിഡ്‌ താരം റൗൾ ഗോൺസാലസ് ആണ് മെസിക്ക് പിറകിലുള്ളത്. 22 വയസും 297 ദിവസങ്ങളുമായിരുന്നു റൗളിന്റെ 20 ഗോൾ നേടിയപ്പോഴുള്ള പ്രായം. ഇസ്താംബൂൾ ബെസാക്സെഹിറിനെതിരായ ഇരട്ടഗോൾ നേട്ടത്തോടെ കഴിഞ്ഞ ഒമ്പതു മത്സരങ്ങളിലെ ഗോൾവരൾച്ചക്ക് എംബാപ്പെ അന്ത്യം കുറിച്ചിരുന്നു.

2016-17 സീസണിൽ മൊണാകോക്കു വേണ്ടിയാണു എംബാപ്പെ ചാമ്പ്യൻസ്‌ലീഗിൽ ആദ്യ ഗോൾ നേടുന്നത്. ആ സീസണിൽ ആറു ഗോളുകൾ നേടാൻ എംബാപ്പെക്ക് സാധിച്ചു. ബാക്കിയുള്ള പതിനാലു ഗോളുകളും എംബാപ്പെ സ്വന്തമാക്കിയത് പിഎസ്‌ജിക്ക് വേണ്ടിയായിരുന്നു. എന്നാൽ ഈ നേട്ടം അധികം വൈകാതെ തന്നെ ബൊറൂസിയ ഡോർട്മുണ്ട് താരം എർലിംഗ് ഹാളണ്ട് തകർക്കാനുള്ള സാധ്യത കാണുന്നുണ്ട്. വെറും 20 വയസുള്ള താരം ഇതിനകം തന്നെ 12 മത്സരങ്ങളിൽ നിന്നായി 16 ഗോളുകൾ സ്വന്തം പേരിലാക്കി കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ ഇപ്പോഴത്തെ ഗോൾ ശരാശരിയിൽ അധികം വൈകാതെ തന്നെ എംബാപ്പെയുടെ റെക്കോർഡ് തകർക്കാൻ ഹാളണ്ടിനു സാധിച്ചേക്കും.

You Might Also Like