സൂപ്പര്‍ താരത്തിന് വന്‍ തിരിച്ചടി, മൂല്യം പത്തിലൊന്നായി കുറയും

Image 3
Football

കൊറോണ വൈറസ് ഏറ്റവും അധികം പ്രകമ്പനം സൃഷ്ടിയ്ക്കുക ഫുട്‌ബോള്‍ ലോകത്തായിരിക്കുമെന്ന് ഇതിനോടകം തന്നെ നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കൡക്കാരുടെ താരമൂല്യം വരെ കൊറോണ വൈറസ് കുത്തനെ കുറയ്ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പി എസ് ജി മുന്നേറ്റനിര താരവുമായ എംബാപ്പയുടെ മൂല്യം വെറും 35 മില്യണ്‍ യൂറോയിലേക്ക് താഴ്‌ന്നേക്കുമെന്ന് യൂറോപ്യന്‍ പാര്‍ലിമെന്റ് അംഗമായ ഡാനിയേല്‍ കോണ്‍-ബെണ്ടിറ്റ് നിരീക്ഷിക്കുന്നത്. ഔസ്റ്റ് ഫ്രാന്‍സിന് വേണ്ടിയുള്ള തന്റെ കോളത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 200 മില്യന് മേല്‍ മൂല്യമുളള താരമാണ് എംബാപ്പ. ലോക ഫുട്‌ബോളിലെ നിലവിലെ ഏറ്റവും മൂല്യമേറിയ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് എംബാപ്പ.

അതെസമയം എംബാപ്പയെ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ലക്ഷ്യമിടുന്നതായും വാര്‍ത്തകളുണ്ട്. നിലവിലെ സാഹചര്യത്തില്‍ വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ റയലിന് താരത്തെ സ്വന്തമാക്കാന്‍ കഴിയുമോ എന്ന കാര്യം സംശയത്തിലാണ്. ഹാരി കെയ്‌നില്‍ ഉള്ള തങ്ങളുടെ താല്പര്യം അവസാനിപ്പിച്ച്, തങ്ങളുടെ പൂര്‍ണ്ണ ശ്രദ്ധയും റയല്‍ എംബാപ്പയെ കൊണ്ട് വരുന്നതിലാണെന്ന് റിപോര്‍ട്ടുകള്‍ വന്നിരുന്നു.

നിലവില്‍ കോവിഡ്-19 മൂലം കായിക ലോകത്തെ ഭൂരിപക്ഷ മത്സരങ്ങളും നിറുത്തി വെച്ചിരിക്കുകയാണ്. മത്സരങ്ങള്‍ നിറുത്തി വെച്ചതിനാല്‍ ക്ലബുകള്‍ക്കെല്ലാം ഏറെ നഷ്ടം ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.