അവസാനം നേരിട്ട 11 പന്തില്‍ 40 റണ്‍സ്, തീതുപ്പി മാക്‌സി, ഓസീസിന് മിന്നും ജയം

Image 3
CricketCricket News

ന്യൂസിലാന്‍ഡിനെതിരായ ടി20 മത്സരത്തില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം. മൂന്നാം ട്വന്റി20യില്‍ 64 റണ്‍സിന്റെ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. 209 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 144 റണ്‍സിന് ഓള്‍ഔട്ടായി.

ആറ് വിക്കറ്റ് വീഴ്ത്തിയ ആഷ്ടണ്‍ അഗറാണ് ആതിഥേയരെ തകര്‍ത്തത്. 31 പന്തില്‍ 70 റണ്‍സ് അടിച്ചെടുത്ത് മാക്സ് വെല്‍ ആണ് ഓസ്ട്രേലിയയെ പരമ്പരയിലേക്ക് തിരിച്ചു വരാന്‍ കരുത്ത് പകര്‍ന്നത്. 31 പന്തില്‍ നിന്ന് എട്ട് ഫോറും അഞ്ച് സിക്സും പറത്തിയായിരുന്നു മാക്സ്വെല്ലിന്റെ തകര്‍പ്പന്‍ ബാറ്റിങ്. താന്‍ നേരിട്ട അവസാന 11 പന്തില്‍ 40 റണ്‍സ് അടിച്ചെടുത്താണ് മാക്‌സ്‌വെല്‍ അമ്പരപ്പിച്ചത്.

നേരത്തെ ഐപിഎല്ലില്‍ 14 കോടി രൂപയ്ക്ക് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയ താരമാണ് മാക്‌സ്‌വെല്‍. മാക്‌സ്‌വെല്ലിനെ ടീമിലെടുത്തതിന്റെ പേരില്‍ ബംഗളൂരു പഴികേള്‍ക്കുന്നതിനിടേയാണ് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

ടോസ് നഷ്ടപ്പെട്ട ഓസ്ട്രേലിയ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ തുടക്കത്തില്‍ തന്നെ മാത്യു വേഡിനെ നഷ്ടമായി. എന്നാല്‍ ആരോണ്‍ ഫിഞ്ച് ഫോമിലേക്ക് എത്തി ജോഷ് ഫിലിപ്പിനൊപ്പം ക്രീസില്‍ നിന്നു. ഫിഞ്ച് 44 പന്തില്‍ നിന്ന് എട്ട് ഫോറും രണ്ട് സിക്സും പറത്തി 69 റണ്‍സ് നേടി. ജോഷ് ഫിലിപ്പ് 27 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്സും സഹിതം 43 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡിന് വേണ്ടി മാര്‍ട്ടിന്‍ ഗപ്റ്റിലും ഡെവോന്‍ കോണ്‍വേയും മാത്രമാണ് ചെറുത്ത് നിന്നത്. ഗപ്റ്റില്‍ 28 പന്തില്‍ നിന്ന് രണ്ട് ഫോറും മൂന്ന് സിക്സും പറത്തി 43 റണ്‍സ് നേടി. കോണ്‍വേ 27 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്സും പറത്തി 38 റണ്‍സ് നേടി.