അയാളുടെ വളര്‍ച്ച കണ്‍മുന്നില്‍ കണ്ടിട്ടുണ്ടെന്ന് ഓസീസ് താരം, ഭീഷണിയാകുന്നത് കോഹ്ലിയും രോഹിത്തൊന്നുമല്ല
യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിലേക്കാണല്ലോ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ബദ്ധ വൈരികളുടെ ഏറ്റുമുട്ടലെന്ന നിലയില്‍ ലോക ശ്രദ്ധ ആകര്‍ശിച്ച മത്സരത്തില്‍ പാക്കിസ്ഥാന് ഭീഷണിയാവുക രണ്ട് ഇന്ത്യന്‍ താരങ്ങളായിരിക്കുമെന്ന് നിരിീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍ ബാറ്റിംഗ് കണ്‍സള്‍ട്ടന്റും മുന്‍ ഓസീസ് ഓപ്പണറുമായ മാത്യു ഹെയ്ഡന്‍.
കെ എല്‍ രാഹുലും റിഷഭ് പന്തും ആയിരിക്കുമത്രെ പാകിസ്ഥാന് ഭീഷണിയാകുക. മത്സരത്തില്‍ പാക് നായകനായ ബാബര്‍ അസമിനെയാകും ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രധാനമായും ലക്ഷ്യമിടുകയെന്നും ഹെയ്ഡന്‍ പറഞ്ഞു.
കെ എല്‍ രാഹുലിന്റെ വളര്‍ച്ച ഞാന്‍ കണ്‍മുന്നില്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അയാളാണ് ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ഞങ്ങളുടെ ഏറ്റവും വലിയ ഭീഷണി. ടി20 ക്രിക്കറ്റില്‍ രാഹുല്‍ തുടക്കകാലത്ത് നേരിട്ട പ്രതിസന്ധികളും പിന്നീട് നേടിയ ആധിപത്യവും എനിക്ക് നല്ലപോലെ അറിയാം. അതുപോലെ തന്നെയാണ് റിഷഭ് പന്തിന്റെ കാര്യവും. കളിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും അവസരങ്ങള്‍ മുതലാക്കാനുള്ള കഴിവും ഏ് ബൗളിംഗ് നിരയെയും തച്ചുതകര്‍ക്കാനുള്ള പ്രതിഭയുമുണ്ട് അയാള്‍ക്ക്.
ഓസ്‌ട്രേലിയക്കാരനെന്ന നിലയില്‍ ആഷസ് ആണ് വലിയ പോരാട്ടമെന്ന് തോന്നാമെങ്കിലും ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തോട് കിടപിടിക്കുന്ന മറ്റൊരു പോരാട്ടമില്ലെന്നും ഹെയ്ഡന്‍ പറഞ്ഞു. ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പാക് നായകന്‍ ബാബര്‍ അസമിനെ ലക്ഷ്യമിടുമെന്നുറപ്പാണ്. ബാബറും റിസ്വാനും ഫഖര്‍ സമനും ആയിരിക്കും മത്സരത്തില്‍ പാക്കിസ്ഥാന്റെ നിര്‍ണായക താരങ്ങള്‍.
ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ബാബര്‍ അസമിന് വലിയ പങ്കുവഹിക്കാനുണ്ട്. അതിന് പുറമെ ക്യാപ്റ്റനെന്ന നിലയിലും ടീമിന്റെ പ്രധാന ബാറ്ററെന്ന നിലയിലും ബാബറിന് മേല്‍ അധിക സമ്മര്‍ദ്ദം ഉണ്ടാകും. എല്ലാവരും അയാളെ ലക്ഷ്യം വെക്കും. അയാളുടെ വിക്കറ്റ് പോക്കറ്റിലാക്കാന്‍ നോക്കും. അതുകൊണ്ട് ബാബര്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും തിളങ്ങേണ്ടത് പാക്കിസ്ഥാന് അനിവാര്യമാണെന്നും ഹെയ്ഡന്‍ പറഞ്ഞു.