പതിനാലാം വയസിൽ മെസിയുടെ സ്വന്തം ടീമിനെതിരെ അരങ്ങേറ്റം, അർജന്റീനയിൽ ചരിത്രം വഴിമാറി

Image 3
Football News

അർജന്റീനിയൻ ഫുട്ബോളിൽ കഴിഞ്ഞ ദിവസം പിറന്നത് ചരിത്രം. വെറും പതിനാലാം വയസിൽ അർജന്റൈൻ പ്രൊഫെഷണൽ ഫുട്ബോളിൽ അരങ്ങേറ്റം നടത്തുകയെന്ന റെക്കോർഡാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മാറ്റിയോ അപ്പോളോണിയോ എന്ന മധ്യനിരതാരം സ്വന്തമാക്കിയത്. ഇതോടെ സൂപ്പർതാരം സെർജിയോ അഗ്യൂറോയുടെ റെക്കോർഡ് വഴിമാറുകയും ചെയ്‌തു.

കോപ്പ അർജന്റീന ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ റൗണ്ടിൽ ഡീപോർറ്റീവോ റിയസ്ട്രയും ലയണൽ മെസിയുടെ ബാല്യകാല ക്ലബായ നെവൽസ് ഓൾഡ് ബോയ്‌സും തമ്മിൽ നടന്ന മത്സരത്തിലാണ് അപ്പോളോണിയോ കളത്തിലിറങ്ങിയത്. എണ്പത്തിനാലാം മിനുട്ടിൽ മൈതാനത്തിറങ്ങുമ്പോൾ താരത്തിന്റെ പ്രായം വെറും പതിനാലു വയസും ഇരുപത്തിയൊന്പത് ദിവസവും മാത്രമാണ്.

പതിനഞ്ചു വയസും മുപ്പത്തിയൊന്നു ദിവസവും പ്രായമുള്ളപ്പോഴാണ് സെർജിയോ അഗ്യൂറോ അർജന്റൈൻ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചത്. ഒരു വർഷത്തിന്റെ വ്യത്യാസത്തിലാണ് ഈ റെക്കോർഡിനെ അപ്പോളോണിയോ മറികടന്നതെന്നത് ചെറിയ കാര്യമല്ല. അർജന്റൈൻ ഫുട്ബോളിൽ പുതിയൊരു പ്രതിഭ ഉയർന്നു വരുന്നുണ്ടെന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്.

മത്സരത്തിൽ വളരെ കുറച്ച് സമയമേ കളിച്ചുള്ളൂ എന്നതിനാൽ തന്നെ തന്റെ മികവ് കാണിക്കാൻ താരത്തിന് കഴിഞ്ഞില്ല. എന്നാൽ പ്രൊഫെഷണൽ ഫുട്ബോളിൽ സ്ഥിരമായി കളിക്കാൻ താരത്തിന് കഴിയുമെന്നാണ് ക്ലബിന്റെ പരിശീലകൻ പറയുന്നത്. എന്തായാലും അഗ്യൂറോയെപ്പോലെ ഒരു പ്രതിഭയെ അർജന്റീനക്ക് ലഭിക്കുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്.