ബ്ലാസ്റ്റേഴ്‌സ് താരത്തെ റാഞ്ചി സ്‌കോട്ടിഷ് ഫസ്റ്റ് ഡിവിഷന്‍ ക്ലബ്, അമ്പരന്ന് ആരാധകര്‍
ബ്ലാസ്റ്റേഴ്‌സില്‍ കളിച്ച് കരിയര്‍ അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ച സ്ലൊവേനിയന്‍ സ്‌ട്രൈക്കര്‍ മതാജ് പോപ്ലാനിക്ക് ബ്ലാസ്റ്റേഴ്‌സ് വിട്ടതായി റിപ്പോര്‍ട്ട്. സ്‌കോട്ടിഷ് ഫസ്റ്റ് ഡിവിഷന്‍ ക്ലബ് ലിവിംഗ്സ്റ്റണിലേക്കാണ് മാതാജ് കൂടുമാറിയതെന്നാണ് വിവിധ സ്ലൊവേനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌കോട്ടിഷ് ഒന്നാം ഡിവിഷന്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തുളള ടീമാണ് ലിവിംഗ്‌സ്റ്റണ്‍ എഫ്‌സി.
ബ്ലാസ്‌റ്റേഴ്‌സുമായി ഒര വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് പോപ്ലാനിക്ക് ക്ലബ് വിടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റ് സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച്ച പോലും ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂന നടത്തിയ ടീം മീറ്റിംഗില്‍ പങ്കെടുത്ത താരമാണ് പോപ്ലാനിക്ക്. താരം ക്ലബ് വിടുന്നു എന്ന വാര്‍ത്ത അവിശ്വസനീയതയോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ സ്വീകരിക്കുന്നത്.
2018 സീസണില്‍ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരമാണ് പൊപ്ലാനിക്ക്. കഴിഞ്ഞ സീസണില്‍ ഹംഗേറിയന്‍ ക്ലബായ കപോസ്വരി റകോസിലേക്ക് ഒരു വര്‍ഷത്തേയ്ക്ക്് പൊപ്ലാനിക്കിനെ ലോണിന് കൈമാറിയിരിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്.
2018-19 സീസണില്‍ 16 മത്സരങ്ങളില്‍ മഞ്ഞക്കൂപ്പായം അണിഞ്ഞിരുന്നു പൊപ്ലാനിക്ക്. എന്നാല്‍ കാര്യമായ മികവ് കാട്ടാന്‍ താരത്തിനായില്ല. നാല് ഗോളുകളാണ് ഈ സ്ലൊവേനിയന്‍ മുന്നേറ്റ നിര താരം സ്വന്തമാക്കിയത്.