‘ആ സേവ് നിയമവിരുദ്ധം’; യുവേഫക്ക് ഫ്രഞ്ച് ആരാധകരുടെ ഭീമ ഹർജി

യൂറോ പ്രീ ക്വാർട്ടറിൽ ഫ്രാൻസ് പുറത്തായ മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി ആരാധകരുടെ മാസ് പെറ്റീഷൻ. 2,40,000 ത്തോളം ആരാധകരാണ് പരാതിയുമായി യുവേഫയെ സമീപിച്ചിരിക്കുന്നത്. ഫുട്ബോൾ നിയമങ്ങൾ ലംഘിച്ചാണ് സ്വിസ്സ് ഗോൾ കീപ്പർ യാൻ സോമർ ഫ്രഞ്ച് താരം എംബാപ്പയുടെ പെനാൽറ്റി സേവ് ചെയ്തത് എന്നാണ് ആരാധകരുടെ പരാതി.
എംബപ്പേ കിക്കെടുത്തപ്പോൾ യാൻ സോമർ അനധികൃതമായി ഗോൾ ലൈനിന്റെ വെളിയിൽ വന്നിരുന്നുവെന്നും അതിനാൽ തന്നെ ആ സേവ് അസാധുവാണെന്നുമാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. പെനാൽറ്റി കിക്കെടുക്കുമ്പോൾ ഗോൾ കീപ്പർ ലൈനിൽ തന്നെ തുടരണമെന്നാണ് നിയമം. ഇത് എല്ലാ കിക്കുകൾക്കും മുൻപായി റഫറി ഗോൾ കീപ്പർമാരെ ഓർമിപ്പിക്കാറുമുണ്ട്.
കിക്ക് സോമർ സേവ് ചെയ്ത ഉടൻ തന്നെ ഗോൾ കീപ്പറുടെ ‘കള്ളക്കളി’ എംബപ്പേ റഫറിയുടെ ശ്രദ്ധയിൽപെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ സേവ് സാധുവാണ് എന്നാണ് റഫറി വിധിച്ചത്. പെനാൽറ്റി സോമർ സേവ് ചെയ്‌തയോടെ യൂറോ ഫേവറൈറ്റുകളായി എത്തിയ ലോകചാമ്പ്യന്മാർ ഏവരെയും ഞെട്ടിച്ചു പുറത്താവുകയായിരുന്നു.
ആരാധകരുടെ പെറ്റീഷൻ എന്തായാലും പരിഗണിക്കപ്പെടില്ല എന്നാണ് യുവേഫയിൽ നിന്നും വരുന്ന ആദ്യ പ്രതികരണം വ്യക്തമാക്കുന്നത്. റഫറിയുടെ തീരുമാനം അന്തിമമാണെന്നും, ആരാധകർ തീരുമാനം ബഹുമാനിക്കണമെന്നുമാണ് യുവേഫ അധികൃതർ വ്യക്തമാക്കുന്നത്.