ലക്ഷ്യം ചാമ്പ്യൻസ്‌ലീഗ് കിരീടം, ശുഭാപ്തിവിശ്വാസവുമായി മാർക്കീഞ്ഞോസ്

Image 3
Champions LeagueFeaturedFootball

ചാമ്പ്യൻസ് ലീഗ് കിരീടമാണ് തങ്ങളുടെ ലക്ഷ്യമെന്നും എന്നാൽ അത് നേടുകയെന്നത് ശ്രമകരവുമാണെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് പിഎസ്ജിയുടെ ബ്രസീലിയൻ പ്രതിരോധതാരം മാർക്കിഞ്ഞോസ്. കഴിഞ്ഞ ദിവസം യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഒഫീഷ്യൽ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് താരം അഭിപ്രായപ്പെട്ടത്.

ചാമ്പ്യൻസ്‌ലീഗിലെ മികച്ച പ്രകടനം ക്ലബ്ബിനകത്തുണ്ടായ മാറ്റങ്ങളുടെ ഫലമാണെന്നും താരം കൂട്ടിച്ചേർത്തു. ആർബി ലൈപ്സിഗിനു കരുത്തരായ യുവനിരയാണുള്ളതെന്നും ഭയമില്ലാതെ പോരാടുന്നവരാണെന്നും പക്ഷെ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ഞങ്ങൾ ശ്രമിക്കുമെന്നും മാർക്കീഞ്ഞോസ് അഭിപ്രായപ്പെട്ടു. കൂടാതെ അറ്റലാന്റക്കെതിരെയുള്ള സമനില ഗോൾ നേടിയതിന്റെ സന്തോഷം പങ്കുവെക്കാനും താരം മറന്നില്ല.

” ഞങ്ങൾ ഒരുപാട് മാറിയിട്ടുണ്ട്. ഞാൻ പിഎസ്ജിയിൽ ഏഴ് വർഷമായി തുടരുന്നുണ്ട്. ഈ അടുത്ത കാലത്ത് ഒരുപാട് നല്ല താരങ്ങൾ വരികയും ടീം ശക്തിപ്പെടുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾക്ക് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അതേ ക്വാളിറ്റിയുള്ള മറ്റു താരങ്ങൾ ഉണ്ട് എന്നുള്ളതാണ് ഈ സീസണിൽ ഞങ്ങൾക്ക് ഏറ്റവും കൂടുതൽ ശക്തിയേകിയ കാര്യം. പിഴവുകളും ബുദ്ധിമുട്ടുകളുമെല്ലാം തരണം ചെയ്താണ് ഞങ്ങൾ ഈ നിലയിൽ എത്തിയത്.അറ്റലാന്റക്കെതിരെയുള്ള ആ ഗോൾ ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ച ഏറ്റവും മഹത്തായ നിമിഷങ്ങളിൽ ഒന്നായിരുന്നു. എങ്ങനെ ആഘോഷിക്കണം എന്ന് എനിക്കൊരു നിശ്ചയവുമില്ലായിരുന്നു.”

“ഞാൻ ബെഞ്ചിലുള്ള എന്റെ സഹതാരങ്ങളെ നോക്കി. അവർ ആവേശത്തോടെ എന്തൊക്കെയോ ചെയ്യുന്നുണ്ട്. അതൊരു നല്ല നിമിഷമായിരുന്നു. ലീപ്സിഗ് യുവപ്രതിഭകൾ നിറഞ്ഞ ഭയമൊന്നും കൂടാതെ കളിക്കുന്ന ടീമാണ്. അത്ലറ്റിക്കോ മാഡ്രിഡിനെതിരെ അവർ ആധിപത്യം സ്ഥാപിച്ചത് നാം കണ്ടതാണ്. പക്ഷെ ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യും. ഞങ്ങളുടെ സ്വപ്നവും ലക്ഷ്യവും കിരീടമാണ്. പക്ഷെ അത് എളുപ്പമല്ല എന്നറിയാം. അത്കൊണ്ട് തന്നെ ഞങ്ങൾ ബോധവാൻമാരാണ് ” മാർക്കിഞ്ഞോസ് അഭിപ്രായപ്പെട്ടു.