ടി20 ലോകകപ്പില്‍ അവനായി വാതിലുകള്‍ തുറന്ന് കിടക്കുന്നു, സന്തോഷ വാര്‍ത്ത

ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്ലേഴ്‌സ് ഒരിക്കല്‍ കൂടി ദേശീയ ടീമിന്റെ ജെഴ്‌സി അണിയുമോയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. ഏറെ നാളായി ഡിവില്ലേഴ്‌സിന്റെ മടങ്ങി വരവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് സജീവമാണെങ്കിലും ഒടുവില്‍ അതിനുളള സാധ്യതതെളിയുന്നതായാണ് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ നല്‍കുന്ന സൂചന.
ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഡിവില്ലിയേഴ്‌സിനെ ഉള്‍പ്പെടുത്തണമോയെന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ സമ്മതിച്ചു. വിവിധ ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ഐ.പി.എല്ലിന് പോകുന്നതിന് മുമ്പായി ഞാന്‍ ഡിവില്ലിയേഴ്‌സുമായി സംസാരിച്ചിരുന്നു, വളരെ തുറന്ന സംഭാഷണമാണ് ഞങ്ങള്‍ തമ്മിലുണ്ടായത്, ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാണ് താനിപ്പോഴുമെന്ന് സ്വയവും മറ്റുള്ളവരേയും ബോധ്യപ്പെടുത്താന്‍ ഐ.പി.എല്ലില്‍ ഡിവില്ലിയേഴ്‌സിന് വളരെ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്, ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്, ഐ.പി.എല്‍ സ്വന്തം ജോലി നന്നായി ചെയ്യുകയെന്നതാണ്, ഐ.പി.എല്ലിന്റെ അവസാനത്തോടടുക്കുമ്പോള്‍ ഞാന്‍ വീണ്ടും ഡിവില്ലിയേഴ്‌സിനെ ബന്ധപ്പെടും’ ബൗച്ചര്‍ പറയുന്നു.
ഇതോടെ ഐപിഎല്ലിലെ പ്രകടനം പരിഗണിച്ചായിരിക്കും ഡിവില്ലേഴ്‌സ് മടങ്ങി വരണമോയെന്നകാര്യം ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍ ആലോചിക്കുക. 2018 മെയിലാണ് ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.