ക്രൊയേഷ്യന്‍ സൂപ്പര്‍ താരം എടികെ മോഹന്‍ ബഗാനിലേക്ക്, റോയ് കൃഷ്ണയുടെ പകരക്കാരന്‍ വന്‍ താരം

Image 3
FootballISL

ക്രൊയേഷ്യയുടെ മുന്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍സുകിച്ചിനെ സ്വന്തമാക്കാന്‍ നീക്കങ്ങളുമായി എടികെ മോഹന്‍ ബഗാന്‍. കഴിഞ്ഞ റഷ്യന്‍ ലോകകപ്പിലെ ക്രൊയേഷ്യയുടെ മുന്നേറ്റ നിരയിലെ നിര്‍ണായക സാന്നിധ്യമായിരുന്നു അദ്ദേഹം.

ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നില്ലെങ്കിലും താരത്തിനെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് എടികെ മാനേജ്മെന്റ്. 35കാരനായ മാന്‍സുകിച്ചിന്റെ എസി മിലാനുമായുള്ള കരാര്‍ ഈ സമ്മറില്‍ അവസാനിക്കാനിരിക്കെയാണ് എടികെ മോഹന്‍ ബഗാന്‍ താരത്തെ സമീപിച്ചിരിക്കുന്നത്.

ബയേണ്‍ മ്യൂണിച്ച്, അത്ലറ്റികോ മാഡ്രിഡ്, ജുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി താരം ബൂട്ടുകെട്ടിയിട്ടുണ്ട്. 2020-21 സീസണിലേക്കായിരുന്നു എസി മിലാനുമായുള്ള മാന്‍സുകിച്ചിന്റെ കരാര്‍. പത്ത് മത്സരങ്ങളില്‍ എസി മിലാനായി ബൂട്ടുകെട്ടിയിരുന്നെങ്കിലും ഗോളുകളൊന്നും നേടാന്‍ താരത്തിനായിരുന്നില്ല.

റോയ് കൃഷ്ണയുടെ പകരക്കാരനായാണ് മാന്‍സുകിച്ചിനെ എടികെ പരിഗണിക്കുന്നത്. റോയ് കൃഷ്ണ ഈ സീസണോടെ എടികെ വിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2018ലാണ് അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്രൊയേഷ്യയുടെ മികച്ച മുന്നേറ്റനിര താരമായി അറിയപ്പെടുന്ന മാന്‍സുകിച്ച് 89 കളിയില്‍നിന്നായി 33 ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ടു ലോകകപ്പുകളിലും രണ്ടു യൂറോ കപ്പിലും ക്രൊയേഷ്യയ്ക്കായി കളത്തിലിറങ്ങി.