ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ബൈബിള്‍, ആരാണ് മാര്‍ക്കസ് മെര്‍ഗുളാനോ?
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പിന്തുടരുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇന്ന് ഒഴിച്ചുകൂടാനാകാത്ത പേരുകളില്‍ ഒന്നാണ് മാര്‍ക്കസ് മെര്‍ഗുളാനോ എന്ന പേര്. ഐഎസ്എല്‍ റൂമറുകളില്‍ ഭൂരിഭാഗവും ഉരിത്തിരിയുന്നത് മാര്‍ക്കസ് മെര്‍ഗുളാനോയുടെ ട്വീറ്റുകള്‍ പിന്‍പറ്റിയാകും. അതിനാല്‍ തന്നെ നിലവില്‍ ഐഎസ്എല്ലിലെ വിവിധ ടീമുകളെ കുറിച്ച് മാര്‍ക്കസിന്റെ ട്വീറ്റുകള്‍ക്ക് ഉറക്കമൊഴിച്ച് കാത്തിരിക്കുന്ന നിരവധി ഫുട്‌ബോള്‍ ആരാധകരുണ്ട്.
എന്നാല്‍ പല ഫുട്‌ബോള്‍ ആരാധകര്‍ക്കും മാര്‍ക്കസ് മെര്‍ഗുളാനോ ആരെന്ന് ഇപ്പോഴും അറിയില്ല. ആരാണ് മാര്‍ക്കസ് മെര്‍ഗുളാനോ എന്ന് പരിചയപ്പെടുത്തുകയാണ് ഇവിടെ.
മുന്‍ നിര ഇംഗ്ലീഷ് മാധ്യമമായ ടൈസ് ഓഫ് ഇന്ത്യയുടെ ഗോവയില്‍ നിന്നുളള സ്‌പോട്‌സ് ജേര്‍ണലിസ്റ്റാണ് മാര്‍ക്കസ് മെര്‍ഗുളാനോ. ഐഎസ്എല്‍ ട്രാന്‍സ്ഫറുകളെ കുറിച്ച് ഏറ്റവും ആധികാരികമായ ശബ്ദമായി വിലയിരുത്തപ്പെടുന്നത് മാര്‍ക്കസിന്റെ ട്വീറ്റുകളാണ്. പലതരം റൂമറുകളുടെ കുത്തൊഴുക്കിലും മാര്‍ക്കസിന്റെ ട്വീറ്റുകള്‍ക്ക് ആരാധകര്‍ നല്‍കുന്ന വിശ്വാസ്യത വിലമതിക്കാനാകാത്തതാണ്.
ഇന്ത്യന്‍ ഫുട്‌ബോളിലെ പല വമ്പന്‍ സൈനിംഗുകളും പ്രഖ്യാപനത്തിന് മുന്നേ തന്നെ മണത്തറിയാന്‍ സിദ്ധിയുളള അപൂര്‍വ്വം മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് മാര്‍ക്കസ്. എല്ലാ ഐഎസ്എല്‍ ക്ലബുകളുമായും താരങ്ങളുമായും മാര്‍ക്കസിനുളള അടുത്ത ബന്ധമാണ് അദ്ദേഹത്തിന്റെ തുറുപ്പ് ചീട്ട്.
എന്നാല്‍ ഈ ബന്ധങ്ങള്‍ ഒരിക്കലും ക്ലബുകളുടെ സ്വകാര്യതയെ മറികടക്കുന്ന വിധത്തില്‍ മാര്‍ക്കസ് ഉപയോഗിക്കാറില്ല. തനിക്കറിയാവുന്ന വിവരങ്ങള്‍ എത്ര വലുതാണെങ്കിലും ക്ലബുകളുടെ സ്വകാര്യതയേയും അവകാശങ്ങളേയും ഹനിക്കുമെന്ന് തോന്നിയാല്‍ മാര്‍ക്കസ് അത് പരസ്യപ്പെടുത്തില്ല. എന്നാല്‍ അതിലേക്കുളള സൂചനകള്‍ ട്വീറ്റുകളിലൂടെ മാര്‍ക്കസ് ധാരാളം നല്‍കും.
ഇത് ആരാധകര്‍ക്കൊപ്പം ചെറിയ എതിരാളികളേയും മാര്‍ക്കസിന് സൃഷ്ടിക്കുന്നുണ്ട്. ഒരു ഉത്തരവാദിത്തപ്പെട്ട മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ ഇക്കാര്യത്തില്‍ മാര്‍ക്കസിനുളള പരിമിതി ആരാധകര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിരാട് കോഹ്ലി മുതല്‍ സാവി വരെയുളള സ്‌പോട്‌സ് താരങ്ങളെ നേരിട്ട് അഭിമുഖം നടത്തിയിട്ടുളള അപൂര്‍വ്വം ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായ മാര്‍ക്കസിന്റെ പരിമിതിയെ ഉള്‍കെള്ളാനും സാധ്യതകളെ ആഘോഷിക്കാനും ആരാധകര്‍ക്ക് കഴിയേണ്ടതുണ്ട്.