ക്രിസ്തുമസ് അവധിയിലും വിശ്രമമില്ലാതെ മാഴ്‌സെലോ, വൻ തിരിച്ചുവരവിനൊരുങ്ങുന്നു

സിനദിൻ സിദാന്റെ റയൽ മാഡ്രിഡ് സീസൺ തുടക്കത്തിൽ ഒന്ന് ചെറുതായി പതറിയെങ്കിലും ശക്തമായ തിരിച്ചു വരവാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനു തൊട്ടു പിറകെ രണ്ടാമതായി ഫിനിഷ് ചെയ്യാൻ റയൽ മാഡ്രിഡിനു സാധിച്ചിരിക്കുകയാണ്. പരിക്കേറ്റ സെർജിയോ റാമോസിന്റെ തിരിച്ചു വരവ് സന്തുലിതമായ ഒരു പ്രതിരോധത്തെ റയൽ മാഡ്രിഡിനു സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.

സൂപ്പർതാരം ഈഡൻ ഹസാർഡിന്റെ തിരിച്ചു വരവും റയലിനു കൂടുതൽ ഊർജം പകർന്നിട്ടുണ്ട്. എന്നാൽ ബ്രസീലിയൻ യുവതാരം റോഡ്രിഗോക്ക്‌ പരിക്കേറ്റ് പുറത്തായത് സിദാനു ചെറിയതോതിൽ തിരിച്ചടിയായിട്ടുണ്ട്. പ്രതിരോധത്തിലെ സ്ഥിരതയാർന്ന പ്രകടനത്തിലാണ് സിദാനു കൂടുതൽ വിശ്വാസം ഉയർന്നു വന്നിരിക്കുന്നത്. ഡാനി കാർവഹാളിന്റെ തിരിച്ചു വരവും ലെഫ്റ്റ്ബാക്കായി ഫെർലാൻഡ് മെൻഡിയുടെ തകർപ്പൻ പ്രകടനവും റയൽ മാഡ്രിഡിന്റെ പ്രതിരോധനിരയെ ശക്തമാക്കുന്നുണ്ട്.

എന്നാൽ സിദാന്റെ ടീമിലേക്ക് ഉയർന്നു വരാൻ കഴിയാതെ പുറത്തിരിക്കുന്ന ബ്രസീലിയൻ സൂപ്പർതാരമാണ് മാഴ്‌സെലോ. ഫെർലാൻഡ് മെൻഡിയുടെ തകർപ്പൻ പ്രകടനമാണ് മഴസെലോക്ക് സിദാനു കീഴിൽ അവസരങ്ങൾ കുറഞ്ഞു പോകുന്നതിന്റെ പ്രധാനകാരണം. എന്നാൽ മാഴ്‌സെലോ പ്രതീക്ഷ കൈവിടുന്നില്ലെന്നതിന്റെ ഉദാഹരണമാണ് സോഷ്യൽ മീഡിയയിലൂടെ മാഴ്‌സെലോ കാണിച്ചു തരുന്നത്.

എല്ലാ താരങ്ങളും ക്രിസ്തുമസ് അവധിയിൽ പ്രവേശിച്ചപ്പോൾ മാഴ്‌സെലോ തിരിച്ചുവരവിനുള്ള കഠിനപ്രയത്നത്തിലായിരുന്നു. വിശ്രമമില്ലാതെ കഠിനപരിശീലനം നടത്തുന്നതിന്റെ വീഡിയോയാണ് മാഴ്‌സെലോ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. അധികം വൈകാതെ സിദാന്റെ ടീമിലേക്ക് തന്നെ തിരിച്ചെത്തി വിശ്വാസ്യത തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് മാഴ്‌സെലോ.

You Might Also Like