മാര്‍സലീന്യോ ബ്ലാസ്‌റ്റേഴ്‌സിലേക്ക്, തീരുമാനം മാനേജുമെന്റിന്റെ കോര്‍ട്ടില്‍

Image 3
Uncategorized

ബ്രസീലിയന്‍ സൂപ്പര്‍ താരം മാര്‍സലീന്യോ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരാനുളള സാധ്യത തെളിയുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇതുസംബന്ധിച്ച സൂചന പുറത്ത് വിടുന്നത്.

ബ്ലാസ്റ്റേഴ്‌സിലേക്ക് വരാന്‍ മാര്‍സലീന്യോ തയ്യാറാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് മാര്‍ക്കസ് വെളിപ്പെടുത്തിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഏറ്റവും ആവേശകരമായ സൂചനയാണിത്. കേരളത്തില്‍ നിരവധി ആരാധകരുളള താരമാണ് മാര്‍സലീന്യോ.

കേരള ബ്ലാസ്റ്റേഴ്സില്‍ നിന്നും ഓഫറുകള്‍ വന്നാല്‍ സ്വീകരിച്ചിരിക്കുമെന്ന് മാര്‍സെലീന്യോ ഇതിനോടകം തന്നെ വെളിപ്പെടുത്തിയിരുന്നു. കൊച്ചി മികച്ച സ്റ്റേഡിയമാണെന്നും മഞ്ഞപ്പട അവിശ്വസനീയമായ ആരാധകൂട്ടമാണെന്നും മാര്‍സെലീന്യോ അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ സീസണില്‍ മാര്‍സെലീന്യോയ്ക്ക് ഹൈദരാബാദിനായി മികച്ച പ്രകടനം കാഴ്ച്ചവെക്കാനായെങ്കില്‍ ലീഗില്‍ ടീം ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഹൈദരാബാദ് എഫ്‌സി ഐഎസ്എല്‍ അവസാനിപ്പിച്ചത്.

മുമ്പ് ഡല്‍ഹി ഡൈനാമോസിനു വേണ്ടി കളിക്കുമ്പോള്‍ ഐ എസ് എല്ലില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയിട്ടുള്ള താരമാണ് മാര്‍സെലീനോ. കഴിഞ്ഞ ഐ എസ് എല്ലില്‍ ഹൈദരാബാദിനു വേണ്ടി ഏഴു ഗോളുകളും രണ്ട് അസിസ്റ്റും നേടാനും താരത്തിനായിരുന്നു. ഇതുവരെ ഐ എസ് എല്ലില്‍ ആകെ 31 ഗോളും 18 അസിസ്റ്റും നേടിയിട്ടുണ്ട് മാര്‍സെലീന്യോ.