മാര്‍സെലീന്യോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഒഡീഷ പരിശീലകന്‍

Image 3
FootballISL

ഐഎസ്എല്‍ ഏഴാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തോല്‍വിയ്ക്ക് പിന്നാലെ ബ്രസീല്‍ സൂപ്പര്‍ താരം മാര്‍സെലീന്യോക്കെതിരെ വിമര്‍ശനവുമായി ഒഡിഷ പരിശീലകന്‍ സ്റ്റുവാര്‍ട്ട് ബാക്സ്റ്റര്‍. മത്സരം തോറ്റതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടെങ്കിലും മാര്‍സെലീന്യോയെ ഉപയോഗപ്പെടുത്തിയുളള നീക്കം പൂര്‍ണ്ണമായും പാളിപ്പോയെന്ന് ബക്‌സര്‍ പറയുന്നു.

മാഴ്‌സെലീന്യോയെ ഒരു പത്താം നമ്പര്‍ പ്ലേ മേക്കറായി ഉപയോഗിക്കാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അത് വിജയിച്ചില്ല, മാഴ്‌സെലീന്യോയ്ക്ക് പന്തിന്മേല്‍ കാര്യമായി നിയന്ത്രണം പോലും ചെലുത്താനായില്ല, ഇതോടെ, താരം പിന്നിലേക്കിറങ്ങി കടുത്ത ടാക്കിളുകള്‍ നടത്തുമെന്നോ, പന്തിനായി ഗ്രൗണ്ട് മുഴുവന്‍ ഓടുമെന്നോ കരുതുന്ന വിഢിത്തരമാണ്’ മത്സശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബക്‌സര്‍ പറഞ്ഞു.

മത്സത്തില്‍ 52ാം മിനിറ്റില്‍ തന്നെ ബ്രസീല്‍ താരത്തെ മുന്‍ ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ പിന്‍വലിച്ചിരുന്നു. കളിക്കളത്തില്‍ ദയനീയ പ്രകടനം നടത്തിയ താരം 52 മിനിറ്റിനിടെ 16 പാസുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. 62 ശതമാനമായിരുന്നു മാര്‍സെലീന്യോയുടെ പാസ്സിംഗ് കൃത്യത. ഇതോടെ താരത്തെ പിന്‍വലിക്കാന്‍ ബക്‌സര്‍ തീരുമാനിക്കുകയായിരുന്നു.

മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഒഡീഷ എഫ്‌സിയുടെ പരാജയം. 5ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ അരിഡാനെ സന്റാനയാണ് ഹൈദരാബാദിന്റെ വിജയ ഗോള്‍ നേടിയത്.

ഹാളിചരണ്‍ നര്‍സാരിയുടെ ഷോട്ട് പെനാല്‍റ്റി ബോക്‌സില്‍ ഒഡിഷ ക്യാപ്റ്റന്‍ സ്റ്റീവന്‍ ടെയ്‌ലറുടെ കൈയില്‍ തട്ടിയതിനായിരുന്നു പെനാല്‍റ്റി. ടെയ്‌ലര്‍ക്ക് ഇതിന് മഞ്ഞക്കാര്‍ഡ് ലഭിക്കുകയും ചെയ്തു.