മറഡോണ മരണത്തെ സ്വയം വരിക്കുകയായിരുന്നു, സുഹൃത്തും മാനേജരുമായിരുന്നു സ്‌റ്റെഫാനോ പറയുന്നു

Image 3
FeaturedFootball

ലോകഫുട്ബോളിനെ കണ്ണീരിലാഴ്ത്തി അർജന്റീനൻ ഇതിഹാസം ഡിയെഗോ മറഡോണ ഇഹലോകവാസം വെടിഞ്ഞിരിക്കുകയാണ്. തലച്ചോറിലെ ശാസ്ത്രക്രിയക്കു ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന മറഡോണ ഹൃദയാഘാതത്തെതുടർന്നാണ് മരണം വരിക്കുന്നത്. എന്നാൽ ക്ഷീണിതനായ മറഡോണ സ്വയം മരണത്തെ വരിക്കുകയായിരുന്നുവെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് സുഹൃത്തും ഏറെക്കാലമായി മറഡോണയുടെ മാനേജരുമായിരുന്ന സ്‌റ്റെഫാനോ സെച്ചി.

അർജന്റീനിയൻ മാധ്യമമായ റേഡിയോ കിസ്സ്കിസിന് നൽകിയ അഭിമുഖത്തിലാണ് മറഡോണയുടെ ജീവിതത്തേക്കുറിച്ച് സ്‌റ്റെഫാനോ മനസുതുറന്നത്. “ഇനി ചിലപ്പോൾ മറഡോണയുടെ മരണത്തെക്കുറിച്ച് അന്വേഷണങ്ങൾ ഉയർന്നുവരാം. അതു തടയാനുള്ള മാർഗങ്ങളിലേക്ക് ചിലപ്പോൾ ആളുകൾ വിരൽ ചൂണ്ടിയേക്കാം. എന്നാൽ അത് അദ്ദേഹത്തിന്റെ മൊത്തം ജീവിതത്തിലേക്കാണ് ചൂണ്ടേണ്ടിയിരുന്നത്.”

“ആളുകൾ ചിന്തിക്കുന്നത് ഡിയെഗോ എപ്പോഴും ഒറ്റക്കായിരുന്നുവെന്നാണ്. പതിനേഴു വയസായതിനു ശേഷം ഡിയെഗോ ഡിയെഗോ അല്ലാതായി മാറിയിരുന്നു. മറഡോണയെന്ന വ്യക്തിയെ കൈകാര്യം ചെയ്യുകയെന്നത് വളരെ ബുദ്ദിമുട്ടേറിയ കാര്യമാണ്. കാരണം അദ്ദേഹം അത്രക്കും ദുർബലവും അരക്ഷിതനും വിനീതനും നല്ല സ്വഭാവവുമുള്ള വ്യക്തിയായിരുന്നു. എനിക്ക് ഇരുപതു വർഷത്തിന്റെ മനോഹരങ്ങളായ സ്മരണകളുണ്ട്. അടുത്തിടെയായി അദ്ദേഹമെല്ലാം സ്വയം കൈവിട്ടുകളയുകയായിരുന്നു. ശരീരികമായും മാനസികമായും.”

” എനിക്ക് തോന്നുന്നത് അദ്ദേഹം വളരെയധികം ക്ഷീണിതനായതുകൊണ്ട് സ്വയം മരണത്തെ വരിക്കുകയായിരുന്നുവെന്നാണ്. അദ്ദേഹത്തിനു ഇനി ജീവിക്കാൻ തന്നെ ആഗ്രഹമില്ലായിരുന്നു. ഡിയെഗോയെ ചുറ്റിപ്പറ്റിയുള്ള കുടുംബപ്രശ്നങ്ങൾ അദ്ദേഹത്തിന്റെ സമാധാനം കെടുത്തിയിരുന്നു. അദ്ദേഹം മരിച്ചതിന് ശേഷവും അത് മാറിയിട്ടില്ല. ഒടുവിൽ അദ്ദേഹത്തിനെ ഒരുപാട് സ്നേഹിച്ച അമ്മയുടെയും അച്ഛന്റെയും അടുത്തെത്താൻ അദ്ദേഹത്തിനായി. ഈ സമയം ഡിയെഗോ ശാന്തിയിലാണ്.” സ്‌റ്റെഫാനോ വെളിപ്പെടുത്തി.