അന്ന് ഞെട്ടിപ്പോയി, ഞങ്ങളുടെ സ്‌റ്റേഡിയത്തില്‍ പകുതിയില്‍ അധികം മഞ്ഞപ്പടയായിരുന്നു, വെളിപ്പെടുത്തി നിഷു കുമാര്‍

ബ്ലാസ്റ്റേഴ്‌സ് ആരാധകകൂട്ടായിമയായ മഞ്ഞപ്പടയുടെ സംഘാടനവും ടീമിനെ പിന്തുണയ്ക്കുന്ന രീതിയിലും ലോകോത്തരമാണ്. പല വന്‍ ക്ലബുകള്‍ക്ക് പോലും സ്വപ്‌നം കാണാനാകാത്ത വിധമാണ് ഹോം എവേ മാച്ചുകളില്‍ മഞ്ഞപ്പട ആരാധകകൂട്ടായിമയുടെ സ്റ്റേഡിയത്തിലുളള സാന്നിധ്യം.

കേരളത്തില്‍ നിന്ന് വിദൂര നഗരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് കളിച്ചാല്‍ പോലും പലപ്പോഴും എതിരാളികളെ അമ്പരപ്പിക്കും വിധം കട്ടസപ്പോര്‍ട്ടുമായി ബ്ലാസ്‌റ്റേഴ്‌സ് ആരാധകക്കൂട്ടം സ്‌റ്റേഡിയം കൈയ്യടക്കാറുണ്ട്. അത്തരമൊരു ഓര്‍മ പങ്കുവെക്കുകയാണ് നിലവിലെ ബ്ലാസ്റ്റേഴ്‌സ് താരവും മുന്‍ ബംഗളൂരു താരവുമായ നിഷു കുമാര്‍.

കഴിഞ്ഞ സീസണില്‍ ബംഗളൂരു എഫ് സിയും, കേരളാ ബ്ലാസ്റ്റേഴ്‌സും തമ്മില്‍ ബംഗളൂരുവിലെ കണ്ടീരവ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടമാണ് നിഷു ഓര്‍ത്തെടുക്കുന്നത്. ബെംഗളൂരുവിലായിരുന്നു മത്സരമെങ്കിലും അന്ന് സ്റ്റേഡിയത്തിന്റെ പകുതിയിലധികവും മഞ്ഞയില്‍ മുങ്ങിയിരുന്നുവെന്ന് നിഷു പറയുന്നു. മികച്ച ആ മത്സരത്തില്‍ ഇരു ടീമുകളുടേയും ആരാധകര്‍ വിസ്മയകരമായിരുന്നുവെന്നും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗളൂരു താരവും ഇന്ത്യന്‍ നായകനുമായി സുനില്‍ ഛേത്രിയുടെ മുന്നേറ്റം കളിക്കളത്തില്‍ തടയാന്‍ താന്‍ കാത്തിരിക്കുകയാണെന്നും നിഷു കൂട്ടിചേര്‍ത്തു.

‘ഛേത്രിക്കെതിക്കൊപ്പം പല സീസണുകള്‍ കളിച്ചതിന്റെയും പരിശീലിച്ചതിന്റെയും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നന്നായി പോരാടാമെന്നാണു പ്രതീക്ഷ. സുനില്‍ ഭായിയെ നേരിടാന്‍ ഞാന്‍ കാത്തിരിക്കുന്നു’ നിഷു പറയുന്നു.

തന്റെ ഫുട്ബോള്‍ വളര്‍ച്ചയില്‍ ബംഗളൂരു എഫ്സി നിര്‍ണായകമായിരുന്നു എന്ന് പറയുന്ന നിഷു പല തരത്തിലുള്ള മത്സരപരിചയവും അവിടെ നിന്നും ലഭിച്ചതായും കൂട്ടിചേര്‍ത്തു.

You Might Also Like