മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം നേടുന്നത് എളുപ്പമാകില്ല, മുന്നറിയിപ്പുമായി മുൻ പരിശീലകൻ

ഫുട്ബോൾ ആരാധകർ വളരെ ആവേശത്തോടു കൂടിയാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിനായി കാത്തിരിക്കുന്നത്. ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയും പതിമൂന്നു വർഷത്തിനു ശേഷം ആദ്യമായി കിരീടം നേടാൻ ഇന്റർ മിലാനും രണ്ടാഴ്ച്ചക്ക് ശേഷം കളിക്കളത്തിൽ ഇറങ്ങുകയാണ്. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കാണ് മുൻതൂക്കമെങ്കിലും ഇന്റർ മിലാനെ എഴുതിത്തള്ളാൻ കഴിയില്ല.

ഈ രണ്ടു ടീമുകളെയും പരിശീലിപ്പിച്ച് അവർക്ക് ലീഗ് കിരീടം നേടിക്കൊടുത്തിട്ടുള്ള പരിശീലകനാണ് റോബർട്ടോ മാൻസിനി. നിലവിൽ ഇറ്റലിയുടെ പരിശീലകനായ അദ്ദേഹം കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ ഇന്റർ മിലാനെ എഴുതിത്തള്ളാൻ ഒരിക്കലും കഴിയില്ലെന്നാണ് അഭിപ്രായപ്പെട്ടത്. യൂറോപ്പിലെ മൂന്നു ഫൈനലുകളിലും ഇറ്റാലിയൻ ക്ലബുകൾ കിരീടം നേടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഇറ്റാലിയൻ ക്ലബുകൾക്ക് മൂന്നു കിരീടങ്ങളും ലക്‌ഷ്യം വെക്കാം, അത് എളുപ്പമായിരിക്കില്ല, പക്ഷെ സാധ്യമായ കാര്യമാണ്. ഫൈനലുകളിൽ എത്തിയ സീരി എ ക്ലബുകളിൽ പന്ത്രണ്ടു പതിമൂന്നു ഇറ്റാലിയൻ താരങ്ങളുണ്ട്, അതൊരു പ്രധാനപ്പെട്ട കാര്യമാണ്. മാഞ്ചസ്റ്റർ സിറ്റി വിജയം നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അവർക്കാണ് സാധ്യത കൂടുതൽ, എന്നാൽ മറ്റു ഫൈനലുകളെ പോലെ തന്നെ എല്ലാവര്ക്കും ഒരുപോലെയാണ് സാധ്യത.” മാൻസിനി പറഞ്ഞു.

നിലവിലെ പ്രകടനം കണക്കാക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയാണ് മുൻ‌തൂക്കം. പ്രീമിയർ ലീഗ് നേടിയ അവർ ട്രിബിൾ കിരീടങ്ങളാണ് ലക്‌ഷ്യം വെക്കുന്നത്. എന്നാൽ ഇന്റർ മിലാനെ എളുപ്പത്തിൽ എഴുതിത്തള്ളാൻ കഴിയില്ല. ലോകകപ്പിന് ശേഷം തകർപ്പൻ ഫോമിൽ കളിക്കുന്ന അവർ ലീഗിൽ മൂന്നാം സ്ഥാനത്താണെങ്കിലും രണ്ടു ഫൈനലുകൾ വിജയിച്ച് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

You Might Also Like