ഇന്ത്യയിലേക്ക് കണ്ണെറിഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഈസ്റ്റ് ബംഗാളുമായി ലയന നീക്കമോ?
ഐഎസ്എല്‍ പ്രവേശനത്തിന് ഒരുങ്ങുന്ന കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിനെ അഭിനന്ദിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ സാക്ഷാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്ത്. ഈസ്റ്റ് ബംഗാള്‍ ജനറല്‍ സെക്രട്ടറി കല്യാണ്‍ മജുംദറിനെ അയച്ച കത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആശംസകള്‍ അര്‍പ്പിച്ചത്.
ഈസ്റ്റ് ബംഗാളിന്റെ നൂറ് വര്‍ഷം നീളുന്ന സമ്പന്നമായ ചരിത്രം തങ്ങള്‍ക്ക് നന്നായറിയാമെന്നും ഈ കത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂചിപ്പിക്കുന്നു. ഈസ്റ്റ് ബംഗാളിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നടത്തുന്ന നീക്കമാണോ ഇതെന്ന ആകാംക്ഷയും ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തിന് ഉണ്ട്. നേരത്തെ മുംബൈ സിറ്റി എഫ്‌സിയെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയിരുന്നു.
‘ഈസ്റ്റ് ബംഗാള്‍ ക്ലബ്ബിനെയും ദശലക്ഷക്കണക്കിന് ഈസ്റ്റ് ബംഗാള്‍ ആരാധകരെയും അതിന്റെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് അഭിനന്ദിക്കുന്നു. നിങ്ങളുടെ ക്ലബ്ബിന്റെ സമ്പന്നമായ ചരിത്രത്തെ കുറിച്ചും 1920 ഓഗസ്റ്റ് 1 മുതല്‍ അതിന്റെ യാത്രയെക്കുറിച്ചും ഞങ്ങള്‍ക്ക് നന്നായി അറിയാം.
കൊല്‍ക്കത്ത, ഇന്ത്യയിലെ നിങ്ങളുടെ ക്ലബ്ബിലേക്കുള്ള സമീപകാല സന്ദര്‍ശനവേളയില്‍ ഞങ്ങള്‍ക്ക് ലഭിച്ച അത്ഭുതകരമായ അനുഭവത്തിനും ഞങ്ങള്‍ നന്ദി പറയുന്നു. ഈ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ അരങ്ങേറുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടക്കുമെന്നറിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.
നിങ്ങളുടെ പുതിയ യാത്രയ്ക്ക് ഞങ്ങള്‍ ഞങ്ങളുടെ ആശംസകള്‍ അറിയിക്കുന്നു.ക്ലബ്ബിന്റെ ശോഭന ഭാവിക്കായി എല്ലാ വിധ ആശംസകളും’ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ ഔദ്യോഗിക കത്തില്‍ കുറിച്ചു.
മോഹന്‍ ബഗാന്‍ എടികെയുമായി ലയിച്ച് ഐഎസ്എല്ലില്‍ പ്രവേശിച്ചതോടെയാണ് ഈസ്റ്റ് ബംഗാളും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് പ്രവേശിക്കാന്‍ കച്ചകെട്ടിയിറങ്ങിയത്. അതിനായി ടീമിന് പുതിയ ഇന്‍വെസ്റ്ററെ കൂടി കണ്ടെത്തനായതോടെയാണ് ആത്മവിശ്വാസത്തോടെ ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്‍ കളിക്കാന്‍ ഒരുങ്ങുന്നത്.