മാഞ്ചസ്റ്റര്‍ കത്തുന്നു, മടങ്ങിവരവില്‍ റോണോയുടെ ഗര്‍ജനം, ഇത് ചരിത്രം

ഓള്‍ഡ് ട്രാഫോഡിലേക്ക് അവരുടെ രാജകുമാരന്റെ 11 വര്‍ഷത്തിന് ശേഷമുളള മടങ്ങിവരവ് കൊട്ടും കൂരവയുമായി തന്നെ. സൂചികുത്താനിടമില്ലത്ത വിധം നിറഞ്ഞ് കവിഞ്ഞ സ്റ്റേഡിയത്തില്‍ ചുവന്ന ചെകുത്താന്‍മാര്‍ ഒന്നിനെതിരെ നാല് ഗോളിന് ന്യൂകാസില്‍ യുണൈറ്റഡിന്റെ കഥ കഴിച്ചു. രണ്ട് ഗോളുകള്‍ നേടി റെണോള്‍ഡോ മത്സരത്തില്‍ നിര്‍ണ്ണായക സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്തു.

വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗ് ടേബിളില്‍ ഒന്നാമതും എത്തി. നാല് മത്സരങ്ങളില്‍ മൂന്ന് ജയവും ഒരു സമനിലയുമായി 10 പോയന്റാണ് മാഞ്ചസ്റ്റര്‍ സ്വന്തമാക്കിയിട്ടുളളത്.

പ്രതിരോധാത്മക ഫുട്‌ബോളില്‍ ഊന്നിയാണ് ന്യൂകാസില്‍ മത്സരം ആരംഭിച്ചത്. അതുകൊണ്ട് തന്നെ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടക്കത്തില്‍ പ്രയാസപ്പെട്ടു.

ആദ്യ പകുതിയുടെ അവസാന നിമിഷം ആണ് എവരും കാത്തു നിന്ന ഗോള്‍ പിറന്നത്. വലതു വിങ്ങില്‍ നിന്ന് ഗ്രീന്‍വുഡ് തൊടുത്ത ഷോട്ട് കയ്യില്‍ ഒതുക്കാന്‍ ന്യൂകാസില്‍ കീപ്പര്‍ വുഡ്മാനായില്ല, ആ പന്ത് ഒഴിഞ്ഞു കിടക്കുന്ന വലയിലേക്ക് തട്ടിയിട്ടു കൊണ്ട് റൊണാള്‍ഡോ തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചു.

രണ്ടാം പകുതി 56ാം മിനുട്ടില്‍ ന്യൂകാസില്‍ തിരിച്ചടിച്ചു. മഗ്വയര്‍ മൈതാന മധ്യത്തില്‍ വെച്ച് ഒരു ടാക്കിളില്‍ പരാജയപ്പെട്ടപ്പോള്‍ ന്യൂകാസില്‍ എതുര്‍മുഖത്തേക്ക് കുതിച്ചു. യുണൈറ്റഡ് ഡിഫന്‍സില്‍ ഒറ്റയ്ക്ക് നില്‍ക്കുക ആയിരുന്ന വരാനെയെയും മറികടന്ന അവര്‍ സമനില കണ്ടെത്തി. മക്‌സിമിന്റെ പാസില്‍ നിന്ന് മക്വിലോ ആണ് ന്യൂകാസിലിനെ ഒപ്പം എത്തിച്ചത്.

62ാആം മിനുട്ടില്‍ റൊണാള്‍ഡോയിലൂടെ മാഞ്ചസ്റ്റര്‍ ലീഡ് വീണ്ടും സ്വന്തമാക്കി. ലൂക് ഷോ മികച്ച റണ്ണിന് ഒടുവില്‍ റൊണാള്‍ഡോക്ക് പാസ് നല്‍കി. റൊണാള്‍ഡോ തന്റെ ഇടം കാലു കൊണ്ട് പന്ത് വലയില്‍ എത്തിച്ച് സ്റ്റെഫോര്‍ഡ് എന്‍ഡിനു മുന്നില്‍ നൃത്തം വെച്ചുഭൗത്യം പൂര്‍ത്തിയാക്കി. സ്‌കോര്‍ 2-1

80ആം മിനുട്ടില്‍ പോഗ്ബയുടെ പാസ് സ്വീകരിച്ച് പെനാള്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് ഗംഭീര സ്‌ട്രൈക്കിലൂടെ ബ്രൂണോ യുണൈറ്റഡിന്റെ മൂന്നാം ഗോള്‍ നേടി. ഇഞ്ച്വറി ടൈമില്‍ ലിംഗാര്‍ഡിലൂടെ യുണൈറ്റഡ് നാലാം ഗോളും നേടി.

 

You Might Also Like