ഡോർട്മുണ്ടിനു മുന്നിൽ പത്തി മടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്, സാഞ്ചോ ട്രാൻസ്ഫറിൽ നിന്നും പിന്മാറുന്നു

ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവതാരമായ ജാഡൻ സാഞ്ചോയെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോഹങ്ങൾക്ക് തിരിച്ചടിയേൽക്കുന്നു. താരത്തിന്റെ ട്രാൻസ്ഫർ നീക്കങ്ങളിൽ നിന്നും യുണൈറ്റഡ് പുറകോട്ടു പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ബൊറൂസിയ ഡോർട്മുണ്ട് സാഞ്ചോക്കായി ആവശ്യപ്പെടുന്ന ട്രാൻസ്ഫർ ഫീസാണ് യുണൈറ്റഡിന്റെ പിന്മാറ്റത്തിന്റെ പ്രധാന കാരണം.

യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം സാഞ്ചോക്കു വേണ്ടി 120 ദശലക്ഷം യൂറോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആവശ്യപ്പെടുന്നത്. ഈ തുകക്ക് സാഞ്ചോ യുണൈറ്റഡിൽ എത്തുകയാണെങ്കിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുള്ള ഏറ്റവുമുയർന്ന തുകയുടെ ട്രാൻസ്ഫർ ആയിരിക്കുമത്. എന്നാൽ കൊറോണ പ്രതിസന്ധിക്കിടയിൽ ഇത്രയും തുക മുടക്കാൻ യുണൈറ്റഡിനു താൽപര്യമില്ല.

ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ഇനിയും ഒരുപാടു ദിവസങ്ങൾ ഉള്ളതു കൊണ്ട് ഒന്നും ഇപ്പോൾ തീർത്തു പറയാൻ കഴിയില്ലെന്നു യുണൈറ്റഡ് പരിശീലകൻ സോൾഷയർ പറയുന്നുണ്ടെങ്കിലും സാഞ്ചോ ചർച്ചകൾക്ക് ഡോർട്മുണ്ട് ഡെഡ്ലൈൻ നിശ്ചയിച്ചത് ഇംഗ്ലീഷ് ക്ലബിനു കൂടുതൽ തിരിച്ചടിയാണ്. അടുത്ത സീസണിലേക്കു ടീമിനെ ഒരുക്കണമെന്നതിനാൽ ഓഗസ്റ്റ് 10 വരെ മാത്രമേ ട്രാൻസ്ഫർ ചർച്ചകൾ നടത്താനാകൂ എന്നാണ് ഡോർട്മുണ്ടിന്റെ നിലപാട്.

സാഞ്ചോ ട്രാൻസ്ഫർ ദുഷ്കരമായ അവസ്ഥയിൽ താരത്തിനു പകരക്കാരെ കണ്ടെത്താൻ യുണൈറ്റഡ് നീക്കങ്ങൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ബയേൺ താരമായ കോമാനാണ് ലിസ്റ്റിൽ ഒന്നാമതുള്ളത്. കനത്ത പ്രതിഫലം വാങ്ങുന്ന അലക്സിസ് സാഞ്ചസിന്റെ ട്രാൻസ്ഫർ നടക്കാത്തതും യുണൈറ്റഡിനു തലവേദനയാണ്.

You Might Also Like