അടിച്ചു കൂട്ടിയത് അറുനൂറു ഗോളുകൾ, സിറ്റിയുടെ വിസ്മയതാരത്തെ യുണൈറ്റഡ് സ്വന്തമാക്കുന്നു

യൂത്ത് ടീമിനു വേണ്ടി അറുനൂറു ഗോളുകൾ അടിച്ചു കൂട്ടിയ ഇംഗ്ലണ്ട് താരമായ ചാർലി മക്നീലിനെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം തുടങ്ങി. മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ പുതുക്കാൻ താരം വിസമ്മതിച്ചതിനു പിന്നാലെയാണ് താരത്തിനു വേണ്ടി യുണൈറ്റഡ് രംഗത്തെത്തിയിരിക്കുന്നത്. ഡെയ്ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.

പതിനാറു വയസേയുള്ളു എങ്കിലും യൂത്ത് ടീമിനു വേണ്ടി താരം നടത്തുന്ന തകർപ്പൻ പ്രകടനം മൂലം നല്ലൊരു ട്രാൻസ്ഫർ തുക സിറ്റിക്ക് യുണൈറ്റഡ് നൽകേണ്ടി വരുമെന്നത് ഉറപ്പാണ്. ഭാവിയിൽ മികച്ചൊരു താരമായി വളരുമെന്നതു കൊണ്ടു തന്നെ താരത്തിന്റെ കരാറിൽ നിരവധി ഉടമ്പടികൾ ചേർക്കാനുള്ള സിറ്റിയുടെ നീക്കമാണ് ട്രാൻസ്ഫറിനെ പിന്നോട്ടു വലിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനായ ചാർലി മക്നീൽ മുൻപ് യുണൈറ്റഡിന്റെ അക്കാദമിയിൽ കളിച്ചിരുന്നുവെങ്കിലും ആറു വർഷങ്ങൾക്കു മുൻപ് സിറ്റിയിലേക്കു ചേക്കേറുകയായിരുന്നു. സിറ്റിയുടെ U18 ടീമിൽ കളിച്ചിട്ടുള്ള താരത്തിന്റെ കഴിവിനെ മതിക്കുന്ന തരത്തിലുള്ള ട്രാൻസ്ഫർ തുക ലഭിച്ചാൽ വിട്ടു നൽകാമെന്ന നിലപാടാണ് സിറ്റിക്കുള്ളത്.

മക്നീലിനെ വിട്ടു നൽകുന്നതോടെ ഭാവിയിലെ താരമായി മാറേണ്ട രണ്ടാമത്തെ താരമാണ് സിറ്റി അക്കാദമിയിൽ നിന്നും പടിയിറങ്ങുക. നേരത്തെ ജാഡൻ സാഞ്ചോ ഫ്രീ ട്രാൻസ്ഫറിൽ സിറ്റി വിട്ടതിനു ശേഷം യൂറോപ്പിലെ ഏറ്റവും മികച്ച യുവതാരമെന്ന തലത്തിലേക്ക് ഉയർന്നിരുന്നു.

You Might Also Like