മാഞ്ചസ്റ്റർ യുണൈറ്റഡിൽ ശുദ്ധികലശം, ആറു താരങ്ങൾ പുറത്തേക്ക്

Image 3
EPLFeaturedFootball

അടുത്ത സീസണു മുന്നോടിയായി ആറു താരങ്ങളെ ക്ലബിൽ നിന്നും ഒഴിവാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു. പുതിയ സീസണിൽ ടീമിനെ ശക്തിപ്പെടുത്താൻ സൂപ്പർതാരങ്ങളെ എത്തിക്കുകയെന്ന ലക്ഷ്യം കൂടി ഇതിന്റെ പിന്നിലുണ്ട്. ഡോർട്മുണ്ടിന്റെ വിസ്മയ താരമായ ജാഡൻ സാഞ്ചോയും പുതിയതായി ടീമിലേക്കെത്തുന്ന താരങ്ങളിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ടെലിഗ്രാഫിന്റെ റിപ്പോർട്ടുകൾ പ്രകാരം ലോണിൽ വിവിധ ക്ലബുകളിൽ കളിക്കുന്ന താരങ്ങളെയും ചേർത്താണ് യുണൈറ്റഡ് ആറു പേരെ ഒഴിവാക്കുന്നത്. നിലവിൽ ടീമിലുള്ള ഫിൽ ജോൺസ്, ജെസെ ലിംഗാർഡ്, ഡീഗോ ദാലട്ട് എന്നിവർക്കു പുറമേ അർജന്റീനിയൻ ക്ലബിൽ ലോണിലുള്ള മാർക്കസ് റോഹോ, റോമയിൽ കളിക്കുന്ന സ്മോളിങ്ങ്, ഇന്ററിൽ ലോണിലുള്ള സാഞ്ചസ് എന്നിവരാണ് ഒഴിവാക്കപ്പെടുക.

സ്മാളിങ്ങ്, റോഹോ എന്നിവർ നിലവിൽ കളിക്കുന്ന ക്ലബിലേക്കു തന്നെ ചേക്കേറുമ്പോൾ സാഞ്ചസ്, ലിംഗാർഡ് എന്നിവരുടെ ട്രാൻസ്ഫറിന്റെ കാര്യത്തിൽ വ്യക്തതയില്ല. ചിലിയൻ താരം കനത്ത പ്രതിഫലം വാങ്ങുന്ന കരാറാണ് ഒപ്പിട്ടിരിക്കുന്നത് എന്നതിനാൽ ഒഴിവാക്കേണ്ടത് യുണൈറ്റഡിന് അത്യാവശ്യമാണ്. അതേ സമയം ഫിൽ ജോൺസ് വെസ്റ്റ് ഹാമിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

നിലവിലെ ടീമിലേക്ക് സാഞ്ചോക്കു പുറമേ ഒരു സെന്റർ ബാക്കിനെയും സ്ട്രൈക്കറെയും എത്തിക്കാനാണ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്. കൂളിബാളി, സ്ക്രിനിയർ എന്നിവരാണ് പ്രതിരോധത്തിലേക്ക് യുണൈറ്റഡിന്റെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യങ്ങൾ. അതേ സമയം സ്ട്രൈക്കറായി യുണൈറ്റഡ് ലക്ഷ്യമിടുന്ന താരമാരാണെന്നതു വ്യക്തമല്ല.