ലിവർപൂളിനെ അട്ടിമറിച്ച് ജർമൻ ലീഗ് സൂപ്പർതാരത്തെ റാഞ്ചാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

ഈ സീസണു ശേഷം ബയേൺ വിടാനൊരുങ്ങുന്ന സ്പാനിഷ് താരം തിയാഗോ അൽകാൻട്രയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അപ്രതീക്ഷിത നീക്കം. ലിവർപൂൾ സ്വന്തമാക്കാൻ ശ്രമിക്കുന്ന മുൻ ബാഴ്സ താരത്തെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ യുണൈറ്റഡ് ശ്രമിക്കുന്നുണ്ടെന്ന് ജർമൻ മാധ്യമം ബിൽഡ് ആണു റിപ്പോർട്ടു ചെയ്തത്.
ഈ സീസണു ശേഷം ബയേൺ വിടാനുള്ള ആഗ്രഹം തിയാഗോ വെളിപ്പെടുത്തിയെന്ന് ബയേൺ മേധാവി തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇരുപത്തിയൊൻപതുകാരനായ താരത്തിന് പുതിയ കരാർ വാഗ്ദാനം ചെയ്തെങ്കിലും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ താരത്തിന് ക്ലബ് വിടാൻ ആഗ്രഹമുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
https://twitter.com/FootballRower/status/1279820054100492293?s=19
തിയാഗോയുടെ ആരാധകനായ ക്ളോപ്പ് താരത്തെ റാഞ്ചുമെന്നാണു കരുതിയതെങ്കിലും ആ ട്രാൻസ്ഫറിനെ ഹൈജാക്ക് ചെയ്യാനാണ് യുണൈറ്റഡിന്റെ നീക്കം. ബയേൺ മധ്യനിരയിലെ സ്ഥിര സാന്നിധ്യമായ തിയാഗോയെ കൂടുതൽ നല്ല ഓഫറുകൾ നൽകി തങ്ങളുടെ തട്ടകത്തിലെത്തിക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നത്.
അതേ സമയം താരത്തെ നിലനിർത്താനുള്ള ആഗ്രഹം ബയേൺ പരിശീലകൻ ഫ്ളിക്ക് വ്യക്തമാക്കിയിട്ടുണ്ട്. അസാധാരണ മികവുള്ള തിയാഗോയെ നിലനിർത്തുക വഴി ടീമിനെ ഒറ്റക്കെട്ടാക്കി ഒരുക്കാനാണു തന്റെ ശ്രമമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ അതിനുള്ള സാധ്യത ദുർബലമാണ്.