പോഗ്ബയ്ക്കും ഫെര്‍ണാണ്ടസിനും കൂട്ടിയിടിച്ച് പരിക്ക്, യുണൈറ്റഡിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ക്ക് തിരിച്ചടി

പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്തിനെതിരെ നിര്‍ണ്ണായക പോരിനിറങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മിഡ്ഫീല്‍ഡര്‍മാരായ പോള്‍ പോഗ്ബയും ബ്രൂണോ ഫെര്‍ണാണ്ടസും കൂട്ടിയിടിച്ച് പരിക്കേറ്റു.

ഇതോടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്കായി ആദ്യ നാലിലെത്താനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

പോള്‍ പോഗ്ബയുമായുള്ള കൂട്ടിയിടിയില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന് സാരമായ പരിക്കുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരിക്കുകള്‍ ഭേദമായി ലീഗിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പോഗ്ബക്ക് ദൗര്‍ഭാഗ്യവശാല്‍ വീണ്ടും പരിക്കേറ്റിരിക്കുന്നത് .

യുണൈറ്റഡില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ബ്രൂണോ ഫെര്‍ണാണ്ടസിന്റെ മികവിലാണ് യുണെറ്റഡ് ചാമ്പ്യന്‍സ് ലീഗ് യോഗ്യതയുടെ അടുത്തെത്തി നില്‍ക്കുന്നത്. ഏതാനും മത്സരങ്ങളില്‍ നിന്നു തന്നെ എട്ടോളം ഗോളുകള്‍ നേടിയ ബ്രൂണോ മാഞ്ചസ്റ്റര്‍ യുണെറ്റഡിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച കളിക്കാരനാണ്.

അടുത്തു നടന്ന മത്സരങ്ങളില്‍ പോഗ്ബയും ബ്രൂണോ ഫെര്‍ണാണ്ടസും ഒത്തിണക്കത്തോടെ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. രണ്ടു പേരുടെയും അസാന്നിധ്യം യുണൈറ്റഡിന്റെ ചാമ്പ്യന്‍സ് ലീഗ് സാധ്യതകള്‍ക്ക് കനത്ത വെല്ലുവിളിയായിരിക്കുകയാണ്. ബേണ്‍മൗത്തിനെതിരെ ഇരുവരും കളിക്കുമോയെന്ന് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.

You Might Also Like