സാഞ്ചോ സ്വപ്നം നടക്കില്ല, ബയേണിന്റെ വജ്രായുധത്തെ റാഞ്ചാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ വിസ്മയ താരമായ ജാഡൻ സാഞ്ചോയെ സ്വന്തമാക്കാനുള്ള നീക്കത്തിൽ നിന്നും യുണൈറ്റഡ് പതിയെ പിൻവാങ്ങി തുടങ്ങിയെന്നു റിപ്പോർട്ടുകൾ. ഡോർട്മുണ്ട് സാഞ്ചോക്ക് നൂറു മില്യൺ വിലയിട്ടതു മൂലം മറ്റു താരങ്ങൾക്ക് വേണ്ടി യുണൈറ്റഡ് ശ്രമം തുടങ്ങിയെന്നാണ് പ്രമുഖ കായിക മാധ്യമമായ ദി അറ്റ്ലറ്റിക്’ വെളിപ്പെടുത്തുന്നത്. എങ്കിലും സാഞ്ചോ തന്നെയാണ് യുണൈറ്റഡിന്റെ ട്രാൻസ്ഫർ ലിസ്റ്റിൽ ഒന്നാമതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം സാഞ്ചോക്കു പകരം താരത്തെ കണ്ടെത്താനുള്ള യുണൈറ്റഡിന്റെ ശ്രമങ്ങൾ ഇപ്പോൾ നിൽക്കുന്നത് ബയേണിന്റെ ഫ്രഞ്ച് താരം കിങ്സ്ലി കോമാനിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുപത്തിനാലുകാരനായ ഫ്രഞ്ച് താരം ഇക്കാലയളവിൽ പിഎസ്ജി, ബയേൺ, യുവന്റസ് എന്നീ ടീമുകൾക്കു ഒൻപതു ലീഗ് കിരീടങ്ങൾ തുടർച്ചയായി സ്വന്തമാക്കിയിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും സാനേ ടീമിലെത്തിയതു കൊണ്ടു തന്നെ അടുത്ത സീസണിൽ കോമാന് അവസരങ്ങൾ കുറയുമെന്നതു തീർച്ചയാണ്. അതു കൊണ്ട് ബയേൺ വിടുന്ന കാര്യത്തിൽ താരത്തിനും താൽപര്യമുണ്ടാകാൻ സാധ്യതയുണ്ട്. പോഗ്ബ, മാർഷ്യൽ എന്നീ ഫ്രഞ്ച് താരങ്ങൾ ക്ലബിലുള്ളത് കോമാൻ യുണൈറ്റഡിലേക്കു ചേക്കേറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

മാർഷ്യൽ, ഗ്രീൻവുഡ്, റാഷ്ഫോഡ് എന്നീ മുന്നേറ്റനിരയുള്ള യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ കോമാൻ ഇടം പിടിക്കാൻ സാധ്യത കുറവാണ്. എന്നാൽ മുന്നേറ്റനിരയിൽ മത്സരം സൃഷ്ടിക്കാൻ താരത്തിനു കഴിയുമെന്നതിനുറപ്പാണ്. ഈ സീസണിൽ ബയേണിനായി ഏഴു ഗോളും ഏഴ് അസിസ്റ്റുമാണ് കോമാൻ സ്വന്തമാക്കിയിരിക്കുന്നത്.

You Might Also Like