ഒലെക്കു പകരക്കാരൻ പോച്ചെട്ടിനോയല്ല, ജർമൻ സൂപ്പർകോച്ചിനെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

യുണൈറ്റഡ് ഈ സീസണിൽ മികച്ച പ്രകടനം തുടർന്നില്ലെങ്കിൽ നിലവിലെ പരിശീലകൻ ഒലെ ഗണ്ണാർ  സോൾക്ഷേറിന്റെ ഭാവി തുലാസിലാവുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ലീഗിൽ ആഴ്‌സണലിനോടുള്ള  തോൽവിയും ചാമ്പ്യൻസ്‌ലീഗിൽ തുർക്കിഷ് ക്ലബ്ബായ ഇസ്‌താംബൂൾ ബെസാക്സേഹിറുമായുള്ള അപ്രതീക്ഷിത തോൽവിയും ഒലെയുടെ യൂണൈറ്റഡിലെ സ്ഥാനം ഭീഷണിയിലാക്കിയിട്ടുണ്ടെന്നു വേണം കരുതാൻ.

നിലവിലെ ബോർഡിൽ നിന്നും ഒലെക്ക് പിന്തുണയുണ്ടെങ്കിലും മോശം പ്രകടനം തുടരുകയാണെങ്കിൽ  ഒലേക്കു പകരക്കാരെ യുണൈറ്റഡ് ഇപ്പോഴേ നോട്ടമിട്ടു വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും കൂടുതൽ ഉയർന്നു കേട്ട ഒരു പേര് മുൻ ടോട്ടനം ഹോട്സ്പർ  പരിശീലകനായിരുന്ന അർജന്റീനക്കാരൻ  മൗറിസിയോ പോച്ചെട്ടിനോയാണ്.  നിലവിൽ ഒരു ക്ലബ്ബിലും കയറിയിട്ടില്ലെങ്കിലും പൊചെട്ടിനോ അടുത്തിടെ തിരിച്ചു വരാനുള്ള  ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

എന്നാലിപ്പോൾ പോച്ചെട്ടിനോയേക്കാൾ മറ്റൊരു പരിശീലകന് വേണ്ടി യുണൈറ്റഡ് താത്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ മാധ്യമമായ  ഇഎസ്പിഎന്നാണ്  ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.  ജർമൻ ക്ലബ്ബായ ആർബി ലൈപ്സിഗിന്റെ പരിശീലകനായ ജൂലിയൻ നേഗൽസ്മാനെയാണ്  യുണൈറ്റഡ് ലക്ഷ്യമിടുന്നത്.

ചാമ്പ്യൻസ്‌ലീഗിൽ അഞ്ചു ഗോളുകൾക്ക്  യുണൈറ്റഡ് ലൈപ്സിഗിനെ തകർത്തുവെങ്കിലും  നേഗൽസ്മാന്റെ പരിശീലനമികവ് ലോകമെങ്ങും പ്രശസ്തിയർജ്ജിച്ചിട്ടുണ്ടെന്നത് യുണൈറ്റഡ് കണക്കിലെടുക്കുകയാണ്. കൂടാതെ ഹോഫൻഹൈമിലെയും ലൈപ്സിഗിനെ ചാമ്പ്യൻസ്‌ലീഗ് സെമിഫൈനൽ വരെയെത്തിച്ച പരിശീലനമികവും പോച്ചെട്ടിനോക്കൊപ്പം നെഗൽസ്മാനിലും യുണൈറ്റഡിനു  താത്പര്യം ജനിപ്പിക്കുകയായിരുന്നു.

You Might Also Like