സാഞ്ചോയെ വേണ്ട, സീരി എ സൂപ്പർതാരത്തെ റാഞ്ചി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഡോർട്മുണ്ടിലെത്തിയതിനു ശേഷം മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന ജാഡൻ സാഞ്ചോക്കു വേണ്ടിയുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉപേക്ഷിക്കുന്നു. ഇരുപതുകാരനായ ഇംഗ്ലണ്ട് താരത്തിനു പകരം സീരി എ ക്ലബായ ഫിയോറന്റീനയുടെ വിങ്ങർ ഫെഡറിക്കോ ചിയേസയെ സ്വന്തമാക്കാനാണ് യുണൈറ്റഡ് ഒരുങ്ങുന്നത്. ഇറ്റാലിയൻ മാധ്യമം കൊറേറ ഫിയോറന്റീനയാണ് ഇക്കാര്യം പുറത്തു വിട്ടത്.

സാഞ്ചോക്കു വേണ്ടി വരുന്ന വൻതുകയാണ് ട്രാൻസ്ഫറിൽ നിന്നും പിന്മാറാൻ യുണൈറ്റഡിനെ പ്രേരിപ്പിക്കുന്നത്. ഡോർട്മുണ്ട് നൂറു ദശലക്ഷം യൂറോയാണ് സാഞ്ചോക്കു വേണ്ടി ആവശ്യപ്പെടുന്നത്. അതേ സമയം അറുപതു ദശലക്ഷം യൂറോക്ക് ഇരുപത്തിരണ്ടുകാരനായ ചിയേസയെ സ്വന്തമാക്കാൻ യുണൈറ്റഡ് അടുത്തു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അടുത്ത സീസണിലേക്കായി ഒരു സെന്റർ ബാക്ക്, വിങ്ങർ, ഫോർവേഡ് എന്നിവയെ സ്വന്തമാക്കാൻ യുണൈറ്റഡ് പരിശീലകൻ സോൾഷയറിനു താൽപര്യമുണ്ട്. സാഞ്ചോയെ വാങ്ങിയാൽ മറ്റു പൊസിഷനിലേക്കുള്ള താരങ്ങളെ സ്വന്തമാക്കാൻ കഴിയാതെ വരും. ചിയേസക്ക് വിങ്ങിൽ മാത്രമല്ല കളിക്കാൻ കഴിയുകയെന്നതും ഗുണകരമാണ്.

2016ൽ ഫിയോറന്റിന സീനിയർ ടീമിലെത്തിയ ചിയേസ ഇറ്റലിക്കു വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്. ഈ സീസണിൽ ഏഴു ഗോളും അഞ്ച് അസിസ്റ്റും താരം നേടിയെങ്കിലും ഫിയോറന്റീന പോയിന്റ് പട്ടികയിൽ പുറകിലായിപ്പോയതിനാൽ താരം ക്ലബ് വിടാൻ തന്നെയാണു സാധ്യതകൾ.

You Might Also Like