ചെൽസിക്കും യൂണൈറ്റഡിനും നിർണായക വിജയം, ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടി.

2019-20 പ്രീമിയർ ലീഗിനു വിരാമം കുറിച്ചുകൊണ്ട് ഇന്നലെ നടന്ന നിർണായകമായ രണ്ടു മത്സരങ്ങളായിരുന്നു ചെൽസിക്കും യൂണൈറ്റഡിനും ലൈസസ്റ്റർ സിറ്റിക്കും ഉണ്ടായിരുന്നത്. വൂൾവ്സിനെതിരെ നടന്ന അവസാനമത്സരത്തിൽ ചെൽസിക്ക് മികച്ച വിജയം നേടാനായി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി വൂൾവ്സിനെ തകർത്തു വിട്ടത്. ജയത്തോടെ ചെൽസി ചാമ്പ്യൻസ് ലീഗ് യോഗ്യതയും കരസ്ഥമാക്കി.

ഗോളും അസിസ്റ്റുമായി തിളങ്ങിയ മാസോൺ മൗണ്ട് ആണ് ചെൽസിയുടെ ഹീറോ. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ഫ്രീകിക്കിലൂടെയാണ് മൗണ്ട് ആദ്യഗോൾ കണ്ടെത്തിയത്. മിനിട്ടുകൾക്ക് ശേഷം മൗണ്ടിന്റെ അസിസ്റ്റിൽ നിന്നും ഒലിവർ ജിറൂഡ്‌ ചെൽസിയുടെ രണ്ടാം ഗോളും നേടി. ജയത്തോടെ പോയിന്റ് ടേബിളിൽ നാലാം സ്ഥാനം കരസ്ഥമാക്കാൻ ചെൽസിക്ക് കഴിഞ്ഞു. 38 മത്സരങ്ങളിൽ നിന്ന് 20 വിജയവുമായി 66 പോയിന്റ് ആണ് ചെൽസി നേടിയത്.

അതേ സമയം ഇന്ന് നടന്ന മറ്റൊരു നിർണായകമത്സരത്തിൽ ലൈസസ്റ്റർ സിറ്റിയെ കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി. ജയിക്കുന്നവർക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത എന്നിരിക്കെ ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു യുണൈറ്റഡ് ലൈസസ്റ്റർ സിറ്റിയെ കീഴടക്കിയത്.

71-ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ പെനാൽറ്റി ഗോളും ഇഞ്ചുറി ടൈമിൽ ലിംഗാർഡ് നേടിയ ഗോളുമാണ് യുണൈറ്റഡിന്റെ രക്ഷക്കെത്തിയത്. ജയത്തോടെ 38 മത്സരങ്ങളിൽ നിന്ന് 18 വിജയവുമായി 66 പോയിന്റോടെ യുണൈറ്റഡ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. തോൽവിയോടെ 62 പോയിന്റിൽ തുടർന്ന ലൈസസ്‌റ്റർ സിറ്റി അഞ്ചാം സ്ഥാനത്തെത്തി യൂറോപ്പ ലീഗ് യോഗ്യത നേടി.

You Might Also Like