മെസിയെ സ്വന്തമാക്കാൻ മൂകതന്ത്രം ആവിഷ്കരിച്ച് മാഞ്ചസ്റ്റർ സിറ്റി

ജൂൺ 30 നു ബാഴ്സയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന സൂപ്പർതാരം ലയണൽ മെസി ഇത്തവണ ക്ലബ്ബ് വിടുമോയെന്ന ആശങ്കയിലാണ് ആരാധകരുള്ളത്. താരത്തെ സ്വന്തമാക്കാൻ സാധ്യതയുള്ള രണ്ടു ക്ലബ്ബുകളായി നിലവിലുള്ളത് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ഫ്രഞ്ച് ശക്തികളായ പിഎസ്‌ജിയുമാണ്. പിഎസ്‌ജിയാണ്‌ ലയണൽ മെസിയെ സ്വന്തമാക്കാനുള്ള താത്പര്യം പരസ്യമായി വ്യക്തമാക്കുന്ന ഏക ക്ലബ്ബ്.

പരിശീലകനായാലും താരങ്ങളായാലും മെസി പിഎസ്‌ജിയിലെത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നു പരസ്യമായി വ്യക്തമാക്കിക്കഴിഞ്ഞു. ഫ്രാൻസ് ഫുട്ബോൾ അസോസിയേഷൻ മാഗസിനും അടുത്തിടെ പിഎസ്‌ജി ജേഴ്സിയിലുള്ള ലയണൽ മെസിയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ പിഎസ്‌ജിയുടെ ഈ നീക്കത്തെ വിമർശിച്ചു കൊണ്ട് ബാഴ്‌സ പരിശീലകനായ കൂമാൻ രംഗത്തെത്തിയിരുന്നു.

ലയണൽ മെസി ബാഴ്സ താരമാണെന്നുള്ള മര്യാദയെങ്കിലും പിഎസ്‌ജി കാണിക്കേണ്ടതുണ്ടെന്നും കൂമാൻ അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ പിഎസ്‌ജിയുടെ മാധ്യമതന്ത്രങ്ങൾക്ക് നേരെ വിപരീതമായ രീതിയാണ് മാഞ്ചസ്റ്റർ സിറ്റി സ്വീകരിച്ചിരിക്കുന്നത്. പ്രമുഖ മധ്യമമായ ഇഎസ്പിഎന്നിന്റെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജിയെപ്പോലെ അത്യന്തം ഉത്സാഹത്തോടെയുള്ള നീക്കമല്ല സിറ്റി സ്വീകരിച്ചിരിക്കുന്നതെന്നാണ് അറിയാനാകുന്നത്.

ഇനിയുള്ള അഞ്ചു മാസങ്ങൾ കാത്തിരുന്നു വളരെ ശാന്തതയോടെ ലയണൽ മെസിക്കായുള്ള പദ്ധതികൾ ആവിഷ്കരിക്കാനാണ് സിറ്റി ശ്രമിക്കുന്നത്. ലയണൽ മെസിയുടെ തീരുമാനത്തിനു വേണ്ടി കാത്തിരിക്കുന്നതിനോടൊപ്പം പിഎസ്‌ജിയുടെ മാധ്യമകോലാഹലം ഒരു വശത്തു നിന്നും നോക്കിക്കാണാനാണ് സിറ്റിയുടെ തീരുമാനം. പിഎസ്‌ജിയുടെ ഈ പരസ്യപ്രസ്താവനകൾ മെസിക്കും ദഹിക്കുന്നില്ല എന്നാണ് മറ്റൊരു മാധ്യമത്തെ ഉദ്ധരിച്ചുകൊണ്ട് ഇഎസ്പിഎൻ റിപ്പോർട്ട്‌ ചെയ്യുന്നത്.

You Might Also Like