സാനെക്കു പകരക്കാരനെ കണ്ടെത്തി സിറ്റി, വലൻസിയയുമായി കരാറിലെത്തി

സ്പാനിഷ് ക്ലബ്ബായ വലൻസിയയിൽ നിന്നും ഇരുപതുകാരൻ വിങ്ങർ ഫെറാൻ ടോറസിനെ വാങ്ങിയതായി മാഞ്ചസ്റ്റർ സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയ സൂപ്പർതാരം ലെറോയ് സാനെക്കു പകരക്കാരനായാണ് ടോറസ് സിറ്റിയിലെത്തുന്നത്. 27 ദശലക്ഷം യുറോക്കാണ് വലൻസിയയുമായി കരാറായിരിക്കുന്നത്.

അഞ്ച് വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. കോറോണയുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിലേക്ക് യാത്രാനിയന്ത്രണങ്ങളുള്ളതിനാൽ ബാഴ്സലോണയിൽ വെച്ചാണ് വൈദ്യപരിശോധന പൂർത്തിയാക്കിയത്. ഇരുപതുകാരനായ താരം ഈ സീസണിൽ എല്ലാ കോംപിറ്റീഷനുകളിലുമായി ആറു ഗോളുകളും ഏഴ് അസിസ്റ്റുകളും വലൻസിയ്ക്കായി നേടിയിട്ടുണ്ട്.

” സിറ്റിയിലെത്താൻ സാധിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. എല്ലാ താരങ്ങൾക്കും അറ്റാക്കിങ് ടീമുകളെയാണ് ആവശ്യം. മാഞ്ചസ്റ്റർ സിറ്റി ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്കിങ് ടീമുകളിൽ ഒന്നാണ്. പെപ് ഗാർഡിയോളയുടെ ശൈലി വളരെ മികച്ചതാണ്. അതിനാലാണ് ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്.”

“എന്നെ സഹായിക്കാനും കഴിവുകളെ മെച്ചപ്പെടുത്താനും അദ്ദേഹത്തിന് സാധിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ നിരവധി കിരീടങ്ങൾ ആണ് സിറ്റി നേടിയിട്ടുള്ളത്. അത് തുടരുന്നതിനു എനിക്ക് സഹായിക്കാനാവുമെന്നാണ് കരുതുന്നത്” ടോറസ് അഭിപ്രായപ്പെട്ടു.

You Might Also Like