യുവന്റസിൽ നിന്നും മുൻ ബാഴ്സലോണ താരത്തെ റാഞ്ചി മാഞ്ചസ്റ്റർ സിറ്റി

യുവതാരങ്ങളെ പരസ്പരം കൈമാറി മാഞ്ചസ്റ്റർ സിറ്റിയും യുവന്റസും. യുവന്റസ് തങ്ങളുടെ യൂത്ത് ടീമിൽ കളിക്കുന്ന സ്ട്രൈക്കറായ പാബ്ലോ മൊറേനോയെ സിറ്റിക്കു നൽകിയപ്പോൾ പകരം വിങ്ങർ പൊസിഷനിൽ കളിക്കുന്ന ഫെലിക്സ് കൊറേയയാണ് ഇറ്റാലിയൻ ക്ലബിലേക്കു ചേക്കേറിയത്. മുൻപ് ബാഴ്സലോണ താരമായിരുന്ന മൊറേനോക്കു വേണ്ടി ഒൻപതു ദശലക്ഷം യൂറോയും സിറ്റി നൽകിയിട്ടുണ്ട്.

നാലു വർഷത്തെ കരാറാണ് പതിനെട്ടുകാരനായ മൊറേനോ മാഞ്ചസ്റ്റർ സിറ്റിയുമായി ഒപ്പിട്ടിരിക്കുന്നത്. അതേ സമയം കൊറേയ ഇറ്റാലിയൻ ചാമ്പ്യന്മാരുമായി അഞ്ചു വർഷത്തെ കരാറും ഒപ്പിട്ടിട്ടുണ്ട്. യുവതലമുറയിലെ മികച്ച താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന മൊറേനോ യുവന്റസിന്റെ U23 ടീമിലെ താരമാണ്.

ബാഴ്സക്കു വേണ്ടി ഗോളടിച്ചു കൂട്ടിയ താരം 2018ലാണ് യുവന്റസിലെത്തുന്നത്. യൂത്ത് കരിയറിൽ ഇരുനൂറോളം ഗോളുകൾ നേടിയ താരം യുവേഫ യൂത്ത് ലീഗിൽ അറ്റ്ലറ്റികോ മാഡ്രിഡിനെതിരെ നടത്തിയ പ്രകടനം നിരവധി ക്ലബുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സീരി എയിൽ ജെനോവക്കെതിരെ സീനിയർ ടീമിലിടം പിടിച്ച താരത്തിനു പക്ഷേ കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല.

അതേ സമയം കൊറേയ പോർച്ചുഗൽ U19 ടീമിലെ താരമാണ്. ഡച്ച് ക്ലബായ അൽകമാറിന്റെ U21 ടീമിൽ ലോണിൽ കളിക്കുകയായിരുന്നു താരം. സ്പാനിഷ് താരമായ മൊറേനോ ഈ സീസണിൽ സിറ്റിയിലുണ്ടാവില്ല. സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലാലിഗ രണ്ടാം ഡിവിഷനിൽ കളിക്കുന്ന ജിറോണയിൽ താരത്തെ ലോൺ അടിസ്ഥാനത്തിൽ കൈമാറ്റം ചെയ്യും.

You Might Also Like