യുണൈറ്റഡിൽ പരാജയമായ സാഞ്ചസിന് പിന്നാലെ സിറ്റി, ഇന്ററില്‍ നിന്നും റാഞ്ചും

ആഴ്സണലിൽ നിന്നും വമ്പൻ തുകക്ക് യുണൈറ്റഡിലേക്ക് ചേക്കേറിയ അലക്സിസ് സാഞ്ചസ് ഇപ്പോൾ ഇറ്റാലിയൻ ടീമായ ഇന്റർമിലാനു വേണ്ടി ലോണിൽ കളിക്കുകയാണ്. യൂണൈറ്റഡിലേക്ക് വൻപ്രതീക്ഷകളുമായി ചേക്കേറിയ സാഞ്ചസിനു ഓൾഡ് ട്രാഫോഡിൽ കാര്യമായി ശോഭിക്കാൻ സാധിച്ചില്ല.

ഇന്റർമിലാനുമായുള്ള കരാർ ഈ സീസൺ അവസാനത്തോടെ തീരുന്നതോടെ താരത്തിൽ താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് പ്രീമിയർലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി. ആഴ്‌സണലുമായി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം സിറ്റിയും മുൻപ് താരത്തിനു വേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ സാഞ്ചസ് യുണൈറ്റഡ് തിരഞ്ഞെടുക്കുകയായിരുന്നു.

ചിലിയൻ ന്യൂസ്പേപ്പറായ ലാ ക്വാർട്ടയാണ് സാഞ്ചസ് സിറ്റിയുമായി ധാരണയിലെത്തിയതായി റിപ്പോർട്ട്‌ ചെയ്തത്. ആഴ്ചയിൽ നാലുലക്ഷം യൂറോയെന്ന വലിയ തുക ശമ്പളം വാങ്ങുന്ന സാഞ്ചെസിനു തിരിച്ചെടുക്കാൻ യുണൈറ്റഡ് താത്പര്യപ്പെടുന്നില്ല. എന്നാൽ ഇറ്റാലിയൻ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സാഞ്ചസിന്റെ ലോണിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ശ്രമമാണ് നടത്തുന്നത്.

വലിയ തുക ശമ്പളമായി വാങ്ങുന്ന സാഞ്ചെസിനെ വാങ്ങാൻ ഇന്ററും തയ്യാറല്ലാത്തതോടെ മികച്ച ഓഫറുകൾ സാഞ്ചസിനു ലഭിച്ചാൽ യുണൈറ്റഡ് വിറ്റൊഴിവാക്കുമെന്ന സാഹചര്യമാണുള്ളത്. ഇതോടെ സിറ്റിയുമായി ധാരണയായിട്ടുള്ള സാഞ്ചസ് അടുത്ത സീസണിൽ മാഞ്ചസ്റ്ററിലെ തന്നെ നീലപ്പടക്കുവേണ്ടി കളിക്കുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

You Might Also Like