റയലിന് ഇടിത്തീയായി മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരം ചാമ്പ്യൻസ് ലീഗിൽ കളിക്കും
റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്കു തിരിച്ചടി നൽകി മാഞ്ചസ്റ്റർ സിറ്റിയുടെ സ്ട്രൈക്കറായ സെർജിയോ അഗ്യൂറോ പ്രീ ക്വാർട്ടറിലെ രണ്ടാം പാദ മത്സരം കളിച്ചേക്കുമെന്ന സൂചനകൾ നൽകി പെപ് ഗാർഡിയോള. കാൽപാദത്തിനേറ്റ പരിക്കു മൂലം ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന അഗ്യൂറോക്ക് മത്സരം നഷ്ടപ്പെടുമെന്നാണ് നേരത്തെ കരുതിയിരുന്നെങ്കിലും അതിൽ മാറ്റമുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.
“റയലിനെതിരെ ടീമിലെ എല്ലാവരും ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ബെഞ്ചമിൻ മെൻഡിക്ക് സസ്പെൻഷൻ മൂലം മത്സരം നഷ്ടമാകും എന്നതൊഴിച്ചാൽ മറ്റാർക്കും പ്രശ്നങ്ങളുണ്ടാകില്ല. ട്രയിനിംഗിനിടയിൽ എന്തെങ്കിലും പരിക്കു പറ്റുമോയെന്നാണ് ഇനി ശ്രദ്ധിക്കാനുള്ളത്.” ഗാർഡിയോള പറഞ്ഞു.
https://twitter.com/Dandy_Boy1/status/1286947534947196928?s=19
“റയലിനെതിരെ ഏറ്റവും മികച്ച പ്രകടനം നടത്താൻ തന്നെയാണ് സിറ്റി ശ്രമിക്കുക. അതിനുള്ള തയ്യാറെടുപ്പുകളാണ് ഇനിയുള്ള മത്സരവും ദിവസങ്ങളും. അവയിൽ മികവു കാണിക്കുന്നതിനനുസരിച്ചാണ് ആരൊക്കെ തയ്യാറെടുത്തുവെന്നു മനസിലാക്കാൻ കഴിയുക.” നോർവിച്ചിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനു മുൻപ് ഗാർഡിയോള പറഞ്ഞു.
പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദ മത്സരത്തിനിറങ്ങുമ്പോൾ സിറ്റിക്കു ആദ്യപാദത്തിൽ റയലിന്റെ മൈതാനത്തു വിജയം നേടിയതിന്റെ മുൻതൂക്കമുണ്ട്. എന്നാൽ അതിനേക്കാൾ കരുത്തരും ആത്മവിശ്വാസം നിറഞ്ഞതുമായ ഒരു റയലിനെയാണ് ഇപ്പോൾ നേരിടേണ്ടതെന്നത് പെപിനും സംഘത്തിനും തിരിച്ചടിയാണ്.