മെസിയെ ആവശ്യമുണ്ട്, 430 മില്യണിന്റെ ഓഫറുമായി സിറ്റി

Image 3
FeaturedFootballLa Liga

ചാമ്പ്യൻസ്‌ലീഗിലും ലാലിഗയിലും മികച്ച പ്രകടനം തുടരാൻ ബാഴ്സക്ക് സാധിക്കാത്തതു കൊണ്ടു തന്നെ ഈ സീസൺ അവസാനം മെസി ക്ലബ്ബ് വിടാനുള്ള സാധ്യതയാണ് ഉയർന്നു വന്നിരിക്കുന്നത്. മെസിക്കായി നിലവിൽ പ്രീമിയർലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ഫ്രഞ്ച് ശക്തികളായ പിഎസ്‌ജിയും ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. പിഎസ്‌ജി പരസ്യമായി മെസ്സിയോടുള്ള താത്പര്യം വ്യക്തമാക്കുമ്പോൾ നിശബ്ദമായി താരത്തിനെ സമീപിക്കാനാണ് സിറ്റിയുടെ ശ്രമം.

കഴിഞ്ഞ സമ്മറിൽ മെസി ക്ലബ്ബ് വിടാൻ തീരുമാനമെടുത്ത സമയത്ത് മാഞ്ചസ്റ്റർ സിറ്റി താരത്തിനായി ശ്രമിച്ചിരുന്നു. എന്നാൽ മെസി ഈ സീസൺ കൂടി ക്ലബ്ബിൽ തുടരാമെന്നു തീരുമാനിക്കുകയായിരുന്നു. ഇംഗ്ലീഷ് മാധ്യമമായ സണ്ണിന്റെ റിപ്പോർട്ടുകൾ പ്രകാരം മെസിക്ക് മുന്നിൽ 600 മില്യൺ യൂറോയുടെ ഓഫർ മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ സമ്മറിൽ മുന്നോട്ടുവെച്ചുവെന്നാണ് അറിയാനാവുന്നത്.

അഞ്ച് വർഷത്തേക്കുള്ള ആ കരാറിൽ നിന്നും 170 മില്യൺ കുറച്ചു കൊണ്ട് 430 മില്യൺ യൂറോയുടെ പുതിയ ഓഫർ മെസിക്കായി സിറ്റി മുന്നോട്ടു വെച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം കോവിഡ് മൂലമുണ്ടായ നിലവിലെ സാമ്പത്തിക പ്രതിസന്ധിയാണ് കരാറിൽ കാര്യമായ മാറ്റത്തിനു കാരണമായതെന്നാണ് അറിയാനാകുന്നത്.

മെസിയുടെ കരിയറിലെ അവസാനവർഷങ്ങളിൽ ഒന്ന് കുറഞ്ഞു പോയതും സിറ്റി കണക്കിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ബയേൺ മ്യുണിക്കിനെതിരെ എട്ടു ഗോളിന്റെ ദയനീയ തോൽവിക്കു ശേഷമാണ് ബാഴ്സ വിടാനുള്ള ആഗ്രഹം മെസി ക്ലബ്ബിനെ അറിയിക്കുന്നത്. നിലവിൽ പിഎസ്‌ജിക്കെതിരെയും ക്യാമ്പ് നൂവിൽ ദയനീയ തോൽവി രുചിച്ചതോടെ ഈ സീസൺ അവസാനം ഫ്രീ ട്രാൻസ്ഫറിൽ മെസി ക്ലബ്ബ് വിടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.