സഹലിനെ നോട്ടമിട്ടത് രണ്ട് ബ്രാന്‍ഡുകള്‍, ഒടുവില്‍ പ്യൂമ റാഞ്ചി

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിക്കുന്ന മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദിനെ സ്പാണ്‍സര്‍ ചെയ്യാന്‍ മത്സരിച്ചത് രണ്ട് ബ്രാന്‍ഡുല്‍. പ്യൂമയ്‌ക്കൊപ്പം മറ്റൊരു ബ്രാന്‍ഡും സഹലിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നതായി സഹലിന്റെ ഏജന്‍സിയായ ഇവന്റിവ് സ്‌പോര്‍ട്‌സിന്റെ സി ഇ ഓ ബല്‍ജിത് റിഹാള്‍ വെളിപ്പെടുത്തുന്നു.

”രണ്ടു ബ്രാന്‍ഡുകള്‍ സഹലിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായിരുന്നു. അതിലൊന്നായിരുന്നു പ്യുമ. സഹലിനു വേണ്ടിയും ഇന്ത്യന്‍ ഫുട്‌ബോളിന് വേണ്ടിയും അവര്‍ക്കുള്ള കാഴ്ചപ്പാട് കണ്ടിട്ടാണ് അവരുമായി ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തിയത്’ ബല്‍ജിത് റിഹാള്‍ പറയുന്നു.

‘ഇന്ത്യയില്‍ നിന്ന് ഇവന്റിവ് സ്‌പോര്‍ട്‌സിന്റെ പ്രതിനിധികളായ ഷകീല്‍ അബ്ദുള്ളയും വില്‍ബര്‍ ലാസ്റാഡോയും വിവിധ ബ്രാന്‍ഡുകളുമായി ചര്‍ച്ചകള്‍ നടത്തി. ചര്‍ച്ചകള്‍ ആറ് മാസത്തോളം ഉണ്ടായിരുന്നു. ചര്‍ച്ചകളിലെല്ലാം സഹലും പങ്കാളിയായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും ഞങ്ങളുടെ തീരുമാനങ്ങളും കൂടി അംഗീകരിച്ചതോടെ പ്യുമയുമായി സഹല്‍ കരാറിലെത്തിയത്’ അദ്ദേഹം കൂട്ടിചേര്‍ത്തു.

വിരാട് കോഹ്ലി, കെ ല്‍ രാഹുല്‍, മേരി കോം, സുനില്‍ ഛേത്രി ,ഗുര്‍പ്രീത് സിംഗ് സന്തു തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ പ്യുമയുടെ ഭാഗമാണ്. അവരുടെ കൂടെ സഹല്‍ ഭാഗമാകുന്നത് അദ്ദേഹത്തിന് മാത്രമല്ല ഇന്ത്യന്‍ ഫുട്‌ബോളിന് തന്നെ ലോകോത്തര തലത്തില്‍ കൂടുതല്‍ അംഗീകാരം ലഭിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പ്യുമയുടെ ഇന്റര്‍നാഷണല്‍ സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശിക്കപെടുന്ന ആദ്യ ഇന്ത്യന്‍ ഫുട്‌ബോള്‍ താരമായി സഹല്‍ കഴിഞ്ഞ ദിവസം മാറിയിരുന്നു. കഴിഞ്ഞ മാസമാണ് പ്യൂമയുടെ ഗ്ലോബല്‍ അംബാസഡര്‍ എന്ന പദവി സഹലിന് ലഭിച്ചത്.