ആ നിര്‍ണ്ണായക കാര്യം സെലക്ടര്‍മാരെ അറിയിച്ച് കോഹ്ലി, ഇനി അവര്‍ തീരുമാനിയ്ക്കും

Image 3
CricketTeam India

ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി തിരിച്ചുവരവിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏഷ്യ കപ്പ് കളിയ്ക്കാന്‍ താന്‍ തയ്യാറാണെന്നാണ് കോഹ്ലി സെലക്ടര്‍മാരെ അറിയിച്ചിരിക്കുന്നത്. ബിസിസിഐ സോഴ്‌സിനെ ഉദ്ദരിച്ച് പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ടി-20 പരമ്പരകളിലും സിംബാബ്വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലും കോഹ്ലിയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇത് താരം ആവശ്യപ്പെട്ടിട്ടാണോ എന്നതില്‍ വ്യക്തതയില്ല. അതിനിടെ കോഹ്ലി സിംബാബ് വെയ്‌ക്കെതിരെ കളിയ്ക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായെങ്കിലും താരത്തെ ടീമിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് കോഹ്ലി ഏഷ്യ കപ്പ് കളിയ്ക്കാനുളള സമ്മതം അറിയിച്ചത്.

‘ഏഷ്യാ കപ്പ് മുതല്‍ ലഭ്യമാണെന്ന് വിരാട് കോഹ്ലി സെലക്ടര്‍മാരെ അറിയിച്ചിട്ടുണ്ട്. ഫസ്റ്റ് ടീം താരങ്ങള്‍ക്ക് ഏഷ്യാ കപ്പ് മുതല്‍ ടി20 ലോകകപ്പിന്റെ അവസാനം വരെ വിശ്രമം ലഭിക്കാനുള്ള സാധ്യത ഏറെ വിരളമാണ്. അതിനാല്‍ താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന രണ്ടാഴ്ചത്തെ സമയമാണിത്’ ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇംഗ്ലണ്ടിലുളള കോഹ്ലി അടുത്ത മാസം പകുതിയോടെ പരിശീലനം പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 28ന് പാകിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

അതെസമയം സിംബാബ്വെക്കെതിരായ ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ താരം ടീമിലെ സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, അക്‌സര്‍ പട്ടേല്‍, ദീപക് ഹൂഡ തുടങ്ങിയവരും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ശിഖര്‍ ധവാനാണ് നായകന്‍. ഇഷാന്‍ കിഷനും ടീമിലുണ്ട്. പേസര്‍ ദീപക് ചാഹറും സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. രാഹുല്‍ ത്രിപാഠിയും ടീമിലുണ്ട്. ഇത് ആദ്യമായാണ് ത്രിപാഠിയെ ഏകദിന ടീമില്‍ പരിഗണിക്കുന്നത്.

പേസര്‍മാരായി പ്രസിദ്ധ് കൃഷ്ണ, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ദീപക് ചഹാറിന് പുറമെ ടിമിലിടം നേടിയത്. യുസ്വേന്ദ്ര ചാഹലിന് ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചു. കുല്‍ദീപ് യാദവ് ആണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.