കേരളത്തിന്റെ ഹൃദയം കീഴടക്കി മഞ്ഞപ്പട, കോവിഡിനെതിരെ കൈതാങ്ങ്
കോഴിക്കോട്: കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് കൈതാങ്ങായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടായ്മ. പ്രമുഖ ഫുട്ബോള്‍ ഗെയിമായ പ്രൊ എവല്യൂഷന്‍ സോക്കര്‍ (പെസ്) വഴി ഓണ്‍ലൈന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് 1,42,000 രൂപയാണ് മഞ്ഞപ്പട ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 1024 പേര്‍ പെസ് ആപ്പ് വഴി ഓണ്‍ലൈന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കോ പ്രധാനമന്ത്രി കെയേര്‍സ് പദ്ധതിയിലേക്കോ ചുരുങ്ങിയത് 100 രൂപ സംഭാവന നല്‍കണമെന്നതാണ് നിബന്ധന.
ടൂര്‍ണമെന്റിന് സജ്ജീകരിച്ച പ്രത്യേക ഗൂഗിള്‍ ഫോമില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതോടെ പങ്കെടുക്കാനുള്ള യോഗ്യതയാകും. ഇവരെ പ്രത്യേകമായി തയ്യാറാക്കിയ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ത്ത് നോക്കൗട്ട് രീതിയിലാണ് മത്സരങ്ങള്‍ നടത്തുന്നത്.
കാനഡ, ഇംഗ്ലണ്ട്, ദുബായ്, സൗദി തുടങ്ങിയ രാജ്യങ്ങളിലെ മലയാളികളും ഉദ്യമത്തില്‍ പങ്കാളികളായി. മത്സരങ്ങളില്‍ വിജയി മുതല്‍ അവസാന നാല് റൗണ്ടില്‍ എത്തുന്നവര്‍ക്കുവരെ സമ്മാനങ്ങളുമുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരുടെ ഒപ്പ് പതിപ്പിച്ച ജഴ്സി, വി.ഐ.പി. ഗാലറി ടിക്കറ്റ്, കോംബോ കിറ്റുകള്‍, മഞ്ഞപ്പടയുടെ തൊപ്പി എന്നിവയൊക്കെ സമ്മാനങ്ങളില്‍പ്പെടും.