നക്ഷത്രങ്ങളെല്ലാം ധോണിയ്ക്ക് ചുറ്റും, ലോകകപ്പ് വേദിയില്‍ ഒരേയൊരു താരം

Image 3
CricketTeam India

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാമ്പിലേക്ക് എംഎസ് ധോണിയുടെ തിരിച്ചുവരവ് ലോകത്തിന്റെ ശ്രദ്ധമുഴുവന്‍ തന്നെ അദ്ദേഹത്തിന്റെ മേലേയ്ക്ക് മാറ്റിയിരിക്കുകയാണ്. സജീവ ക്രിക്കറ്റില്‍നിന്നു വിരമിച്ചെങ്കിലും യുഎഇയിലെ ഒരോയൊരു താരം ധോണിയാണ് എന്ന നിലയിലാണ് ക്രിക്കറ്റ് താരങ്ങളെല്ലാം ധോണിയെ പരിഗണിക്കുന്നത്.

ലോകകപ്പില്‍ കളിക്കുന്നില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെന്ററായി ഒപ്പമുള്ള ധോണിയുടെ ഓരോ ചലനങ്ങളും ആരാധകരില്‍ ആവേശം നിറയ്ക്കുന്നുണ്ട്. യുഎഇയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ധോണി ചേര്‍ന്നതിനു പിന്നാലെ പരിശീലന സെഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്കും മറ്റു പരിശീലക സംഘാംഗങ്ങള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളായിരുന്നു ഇത്.

ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ധോണിയും സംസാരിക്കുന്ന ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തത്. ‘സൗഹൃദ സംഭാഷണങ്ങള്‍ എന്നാല്‍ ഇതാണ്’ എന്ന ക്യാപ്ഷനോടെയാണ് ബിസിസിഐ ചിത്രം പോസ്റ്റ് ചെയ്തത്. അര ലക്ഷത്തോളം പേരാണ് ഇതിനകം ഈ ചിത്രം ലൈക്ക് ചെയ്തത്. നാലായിരത്തോളം പേര്‍ റീട്വീറ്റും ചെയ്തു.

വെസ്റ്റിന്‍ഡീസ് സൂപ്പര്‍താരം ക്രിസ് ഗെയ്‌ലിനൊപ്പമുള്ള ധോണിയുടെ ചിത്രവും വൈറലാണ്. ഇന്നലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന പരിശീലന മത്സരത്തിനു മുന്നോടിയായി അതേ വേദിയില്‍ പാക്കിസ്ഥാനും വെസ്റ്റിന്‍ഡീസും സന്നാഹ മത്സരത്തില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിനിടയ്ക്കുള്ള ഇടവേളയിലാണ് ഇരുവരും കണ്ടുമുട്ടിയത്.

ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രവും ബിസിസിഐ ട്വീറ്റ് ചെയ്തു. ‘രണ്ട് ഇതിഹാസങ്ങള്‍. എം.എസ്. ധോണിയും ക്രിസ് ഗെയ്‌ലും കണ്ടുമുട്ടിയ സമ്മോഹന മുഹൂര്‍ത്തം’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും ഈ ചിത്രം പങ്കുവെച്ചിരുന്നു.