ലിവർപൂളിന് ലോട്ടറി, പത്താം നമ്പർ ജേഴ്‌സിയിൽ അർജന്റീന താരം

ഈ സീസൺ അവസാനിച്ചതോടെ നിരവധി താരങ്ങളാണ് ലിവർപൂൾ വിട്ടു പോയത്. മധ്യനിരയിൽ നിന്നും മൂന്നു താരങ്ങൾ വിടപറഞ്ഞതിനു പുറമെ മുന്നേറ്റനിരയിൽ നിന്നും ബ്രസീലിയൻ താരം ഫിർമിനോയും ക്ലബ് വിട്ടു. നബി കെയ്റ്റ, ചേംബർലൈൻ, ജെയിംസ് മിൽനർ എന്നിവരാണ് മധ്യനിരയിൽ നിന്നും ക്ലബ് വിട്ടത്.

പകരക്കാരനായി ഒരു തകർപ്പൻ സൈനിങ്‌ പൂർത്തിയാക്കിയതായി ലിവർപൂൾ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. ലോകകപ്പ് നേടിയ അർജന്റീന ടീമിൽ ഗംഭീര പ്രകടനം നടത്തിയ അലക്‌സിസ് മാക് അലിസ്റ്ററെയാണ് ലിവർപൂൾ സ്വന്തമാക്കിയത്. ബ്രൈറ്റണിൽ നിന്നാണ് ഇരുപത്തിനാലുകാരനായ താരത്തെ ലിവർപൂൾ ടീമിലെത്തിച്ചത്.

ലിവർപൂളിലെ സംബന്ധിച്ച് ലോട്ടറിയാണ് മാക് അലിസ്റ്ററിന്റെ ട്രാൻസ്‌ഫർ. റിലീസിംഗ് തുക നൽകിയാണ് താരത്തെ റെഡ്‌സ് സ്വന്തമാക്കിയത്. നേരത്തെ എഴുപതു മില്യൺ യൂറോയാണ് താരത്തിന്റെ റിലീസിംഗ് ക്ലോസെന്ന റിപ്പോർട്ടുകളാണ് ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ അത് മുപ്പത്തിയഞ്ചു മില്യൺ യൂറോയാണെന്ന് പുറത്തു വന്നിട്ടുണ്ട്. ഇത്രയും കുറഞ്ഞ തുകക്ക് ഇതുപോലൊരു മികച്ച താരത്തെ ലഭിച്ചത് വലിയ നേട്ടമാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡും മാക് അലിസ്റ്റാർക്കായി ശ്രമങ്ങൾ നടത്തിയെങ്കിലും ലിവർപൂളിലേക്ക് ചേക്കേറാനുള്ള താരത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു. ക്ലബിന്റെ പത്താം നമ്പർ ജേഴ്‌സിയാണ് മാക് അലിസ്റ്റർ അണിയുക. കഴിഞ്ഞ സീസണിൽ ബ്രൈറ്റണു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ മാക് അലിസ്റ്റർ പത്തു ഗോളുകൾ മധ്യനിരയിൽ കളിച്ച് നേടിയിട്ടുണ്ട്.

You Might Also Like