കൂമാന്റെ പ്രിയതാരത്തെ വാങ്ങാനുള്ള ശേഷി ബാഴ്സയ്ക്കില്ല, വെളിപ്പെടുത്തലുമായി ലിയോൺ പ്രസിഡന്റ്

Image 3
FeaturedFootballLa Liga

ലിയോണിന്റെ ഡച്ച് സൂപ്പർതാരം മെംഫിസ് ഡീപേ ഉടൻ ബാഴ്സയിൽ എത്തുമെന്നായിരുന്നു പ്രമുഖ ഡച്ച് പത്രമായ ടെലഗ്രാഫ് റിപ്പോർട്ട്‌ ചെയ്തിരുന്നത്. ഡീപേയുമായും ലിയോണുമായും ബാഴ്സ കരാറിൽ എത്തിയെന്നും 25-30 മില്യൺ യുറോകൾക്കിടയിലാണ് കരാർ തുകയെന്നുമായിരുന്നു വെളിപ്പെടുത്തിയത്. തുടർന്ന് എല്ലാവരും ഇതിനെ ഉദ്ധരിച്ചു കൊണ്ട് ഈ ട്രാൻസ്ഫർ നടന്ന രൂപത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ വഴിത്തിരിവാകുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ലിയോൺ പ്രസിഡന്റ് ജീൻ മിഷേൽ ഓലസ്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ആ വിവരം വെളിപ്പെടുത്തിയത്. അതായത് ഡീപേയെ ലിയോണിൽ നിന്നും വാങ്ങാനുള്ള ശേഷിയൊന്നും നിലവിൽ ബാഴ്‌സക്ക് ഇല്ലെന്നും അത്‌ തന്നോട് തുറന്നു പറഞ്ഞത് ബാഴ്സ പ്രസിഡന്റ്‌ ബർത്തോമു തന്നെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ

“ഡീപേയുടെ കാര്യത്തിൽ മുപ്പതു മില്യൺ യൂറോക്ക് ലിയോൺ ബാഴ്സയുമായി ധാരണയിൽ എത്തി എന്നുള്ള ടെലഗ്രാഫ് റിപ്പോർട്ട് വ്യാജമാണ്. കോവിഡ് പ്രതിസന്ധി കാരണം സാമ്പത്തികബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനാൽ തങ്ങൾക്ക് ഡീപേയെ വാങ്ങാനാവില്ലെന്ന് പ്രസിഡന്റ്‌ ബർത്തോമു ഞായറാഴ്ച എന്നോട് വെളിപ്പെടുത്തിയിരുന്നു. അതിനാൽ ഡീപേക്ക് വേണ്ടി ബാഴ്‌സ ഇനി ഓഫറുകൾ നൽകിയേക്കില്ല.” ഓലസ് ട്വിറ്ററിൽ കുറിച്ചു.

ഇതോടെ ബാഴ്സ ഈ ട്രാൻസ്ഫർ ജാലകത്തിൽ ഇനി പുതിയ താരങ്ങളെ വാങ്ങില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇനി നടത്തണമെങ്കിൽ ആർതുറോ വിദാലിന്റെയും ലൂയിസ് സുവാരസിന്റെയും വില്പന ബാഴ്സ നടപ്പിലാക്കേണ്ടി വരും. എന്നാൽ അതിലൂടെ ലഭിക്കുന്ന പണം വഴി മാത്രമേ താരങ്ങളെ വാങ്ങാൻ സാധിക്കുള്ളൂ. പുതിയ താരങ്ങളെ വാങ്ങാൻ ഈ സാഹചര്യത്തിൽ ബുദ്ദിമുട്ടാണെന്നു കൂമാനും വെളിപ്പെടുത്തിയിരുന്നു.