ബെൻസിമ ഹെൻറിയെക്കാൾ പൂർണൻ! തുറന്ന് പറഞ്ഞ് ഫ്രഞ്ച് ഇതിഹാസം!
റയൽ മാഡ്രിഡിനു വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ലാലിഗ കിരീടം നേടുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് കരീം ബെൻസിമ. ആഴ്‌സണൽ ഇതിഹാസവും ഫ്രഞ്ച് താരവുമായ തിയറി ഹെൻറിയെക്കാൾ പൂർണനാണ് കരീം ബെൻസിമയെന്നാണ് മുൻ ഫ്രഞ്ച് താരവും ലിയോൺ ഇതിഹാസവുമായ സിഡ്‌നെ ഗോവുവിന്റെ അഭിപ്രായം.
2009ൽ ലിയോണിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ബെൻസിമയുടെ സഹതാരമായിരുന്നു സിഡ്‌നെ ഗോവു. ലിയോണിനൊപ്പം 7 ഫ്രഞ്ച് ലീഗ് കിരീടം നേടിയ താരം ഫ്രാൻസിനൊപ്പം 2003ലെ കോൺഫെഡറേഷൻ കപ്പും നേടിയിട്ടുണ്ട്. 2006 ലോകകപ്പിലെ റണ്ണറപ്പായ ഫ്രാൻസ് ടീമിലെ അംഗവുമായിരുന്നു.
“എനിക്ക് തോന്നുന്നത് തിയറി ഹെൻറിയുടെ അത്ര തന്നെ ബെൻസിമയും മികച്ചതാരമാണെന്നാണ്. പന്തടക്കത്തിലും വേഗതയിലും ഹെൻറി എന്നെ വിസ്മയിപ്പിച്ചിട്ടുണ്ടെങ്കിലും ബെൻസിമായാണ് എനിക്ക് കൂടുതൽ പൂർണനായി തോന്നുന്നത്. ബെൻസിമ ഹെൻറിയെക്കാൾ ചെറുതും വലിയ വേഗതയില്ലാത്ത താരമാണെങ്കിലും അവനിൽ എപ്പോഴും കണ്ടു വരുന്ന മനഃസാന്നിധ്യം അവനെ മികച്ച കളിക്കാരനാക്കുന്നു. നിങ്ങൾ ഫുട്ബോളിനെ ഇഷ്ടപ്പെടുന്നുവെങ്കിൽ അവനെയും ഇഷ്ടപ്പെടാതിരിക്കില്ല.” ഫ്രഞ്ച് മാധ്യമമായ ലെകീപിനോട് ഗോവു അഭിപ്രായപ്പെട്ടു.
റയൽ മാഡ്രിഡിന്റെ കിരീടനേട്ടത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച ബെൻസിമയെ പ്രശംസിക്കാൻ പ്രസിഡന്റായ ഫ്ലോരെന്റിനോ പെരെസും മറന്നില്ല. ബെൻസിമക്ക് ബാലൺഡിയോർ അർഹിക്കുന്നുവെന്നും അവന്റേതു പോലുള്ള മികച്ച വർഷം ആർക്കുമുണ്ടായിട്ടില്ലെന്നുമാണ് പെരെസ് അഭിപ്രായപ്പെട്ടത്.
ഈ വർഷത്തെ ബാലൻഡോർ ഉപേക്ഷിക്കപ്പെട്ടതോടെ ബെൻസിമക്ക് അര്‍ഹിച്ച
മികച്ച അവസരമാണ് നഷ്ടമായത്.