വീണ്ടും കരുത്തു കാട്ടി ബ്ലാസ്റ്റേഴ്‌സ് ആരാധകർ, കഴിഞ്ഞ സീസണിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം അഡ്രിയാൻ ലൂണക്ക്

Image 3
ISL

ഐഎസ്എൽ ഏതെങ്കിലും പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് ആരാധകരെ ഉൾപ്പെടുത്തി നടത്തിയാൽ, അതിലൊരു ബ്ലാസ്റ്റേഴ്‌സ് താരമുണ്ടെങ്കിൽ ആ പുരസ്‌കാരം അവർ കൊണ്ടു പോകുന്നത് സ്വാഭാവികമാണ്. വളരെ ചുരുക്കം ചില സമയത്ത് മാത്രമേ അങ്ങിനെ സംഭവിക്കാതിരുന്നിട്ടുള്ളൂ. ഇന്ന് മറ്റൊരു പുരസ്‌കാരം കൂടി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ തങ്ങളുടെ താരത്തിന് നേടിക്കൊടുത്തിരിക്കുകയാണ്.

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോൾ തിരഞ്ഞെടുക്കാനുള്ള ഫാൻസിന്റെ പോളിംഗ് ഐഎസ്എൽ ഔദ്യോഗിക വെബ്‌സൈറ്റിലാണ് നടന്നത്. ഇന്ന് പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ അഡ്രിയാൻ ലൂണ ഒഡിഷ എഫ്‌സിക്കെതിരെ നേടിയ ഗോളാണ് ഒന്നാം സ്ഥാനത്തു വന്നത്. മോഹൻ ബഗാൻ താരം ദിമിത്രിയോസ് പെട്രാറ്റോസിനെ മറികടന്നാണ് ലൂണ പുരസ്‌കാരം സ്വന്തമാക്കിയത്.

കൊച്ചിയിൽ നടന്ന മത്സരത്തിലാണ് അഡ്രിയാൻ ലൂണ ഒഡിഷ എഫ്‌സിക്കെതിരെ ഗോൾ സ്വന്തമാക്കിയത്. മത്സരം സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തിൽ എൺപത്തിനാലാം മിനുട്ടിലാണ് ലൂണയുടെ ഗോൾ പിറന്നത്. അയ്മന്റെ ലോങ്ങ് പാസ് ലഭിച്ച താരം മനോഹരമായ ചിപ്പിങ്ങിൽ അത് ഗോൾകീപ്പറുടെ തലയുടെ മുകളിലൂടെ വലക്കുള്ളിലേക്ക് എത്തിക്കുകയായിരുന്നു.

ലൂണ അർഹിച്ച പുരസ്‌കാരം തന്നെയാണ് താരത്തെ തേടിയെത്തിയത്. അത്രയും മനോഹരമായ ഗോളാണ് ലൂണ നേടിയത്. പരിക്ക് കാരണം കഴിഞ്ഞ സീസണിൽ ഏതാനും മത്സരങ്ങൾ മാത്രമേ താരം കളിച്ചുള്ളൂ. ഈ സീസണിൽ അതിന്റെ നിരാശ മാറ്റാൻ തയ്യാറെടുക്കുന്ന താരത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഈ നേട്ടത്തിന് കഴിയും.