ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവമാറ്റത്തിൽ പങ്കാളിയാകാൻ ലുലു ഗ്രൂപ്പും, ലക്‌ഷ്യം ഐഎസ്എൽ

ഇന്ത്യൻ ഫുട്ബോളിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവന്ന ടൂർണമെന്റായ ഐഎസ്എല്ലിലേക്ക് ആഗോള തലത്തിലെ ബിസിനസ് ഭീമൻമാരായ ലുലു ഗ്രൂപ്പും ചുവടുവെക്കാൻ ഒരുങ്ങുന്നു. നിലവിൽ നേരിട്ട് ഐഎസ്എൽ ക്ലബിന്റെ ഫ്രാഞ്ചൈസി എടുക്കാനുള്ള പദ്ധതിയില്ലെങ്കിലും ഐ ലീഗിൽ കളിക്കുന്ന ക്ലബ്ബിനെ വാങ്ങി ഐഎസ്എല്ലിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് ലുലു ഗ്രൂപ്പിനുള്ളത്. അതിനുള്ള നീക്കങ്ങൾ അവർ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

മലയാളിയായ എംഎ യൂസഫലിയാണ് ലുലു ഗ്രൂപ്പിന്റെ തലവനെങ്കിലും കേരളത്തിലല്ല അവർ നിക്ഷേപം നടത്താൻ പോകുന്നത്. റിപ്പോർട്ടുകൾ പ്രകാരം കൊൽക്കത്തയിലെ പ്രധാന ക്ലബായ മൊഹമ്മദൻസ് സ്പോർട്ടിങ് ക്ലബിനെയാണ് അവർ ഏറ്റെടുക്കാൻ പോകുന്നത്. ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജി അടുത്തിടെ ദുബായ് സന്ദർശിച്ച സമയത്ത് ലുലു ഗ്രൂപ്പുമായി ചർച്ചകൾ നടത്തിയതിന്റെ ഭാഗമായാണ് അവർ നിക്ഷേപം നടത്താൻ ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മാളുകൾ, ഫുഡ് പാർക്കുകൾ എന്നിങ്ങനെ ബംഗാളിൽ കോടികളുടെ നിക്ഷേപം ഇറക്കാൻ ലുലു ഗ്രൂപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് ഫുട്ബോൾ ക്ലബിനെയും ഏറ്റെടുക്കുന്നത്. ചിലപ്പോൾ മൊഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിനെ മുഴുവനായും സ്വന്തമാക്കുകയോ അല്ലെങ്കിൽ അതിലേക്ക് നിക്ഷേപം ഇറക്കുകയോ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഹരിയാനയിൽ നിന്നുള്ള ബങ്കർഹിൽസ് പ്രൈവറ്റ് ലിമിറ്റഡാണ് മുഹമ്മദൻസ് ഫുട്ബോൾ ക്ലബിന്റെ ഉടമകൾ.

1891ൽ സ്ഥാപിക്കപ്പെട്ട മൊഹമ്മദൻസ് സ്പോർട്ടിങ് ക്ലബ് അതിനിടയിൽ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് അടച്ചു പൂട്ടിയിരുന്നു. അതിനു ശേഷം ഏതാനും വർഷങ്ങൾക്ക് മുൻപാണ് അവർ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നത്. ലുലു ഗ്രൂപ്പ് ഏറ്റെടുത്താൽ ക്ലബിൽ വലിയ തോതിൽ നിക്ഷേപം വരുമെന്ന കാര്യത്തിൽ സംശയമില്ല. അടുത്ത സീസണിൽ ക്ലബ്ബിനെ ഐഎസ്എൽ കളിപ്പിക്കുകയാണ് ലുലു ഗ്രൂപ്പിന്റെ ലക്‌ഷ്യം. ഇതോടെ കൊൽക്കത്തയിൽ നിന്നും മൂന്നു ക്ലബുകളാവും ഐഎസ്എൽ കളിക്കുക.

You Might Also Like