നിങ്ങളാണ് ഏറ്റവും മികച്ചവൻ; റൊണാൾഡോയെ ആശ്വസിപ്പിച്ച് ലുക്കാക്കുവിന്റെ വാക്കുകൾ

യൂറോ പ്രീക്വർട്ടറിലെ ഗ്ലാമർ പോരാട്ടത്തിനായി പോർച്ചുഗലും, ബെൽജിയവും കൊമ്പ് കോർക്കുമ്പോൾ എല്ലാ കണ്ണുകളും സൂപ്പർതാരം റൊണാൾഡോയിലായിരുന്നു. തന്റെ 36ആം വയസ്സിലും അഞ്ചുഗോളുകളുമായി പോർചുഗലിനെ മുന്നിൽ നിന്ന് നയിച്ച റൊണാൾഡോയ്ക്ക് എന്നാൽ കരുത്തരായ ബെല്ജിയത്തിന്റെ വലയിൽ പന്തെത്തിക്കാനായില്ല.


തോർഗൻ ഹസാർഡ് നേടിയ വെടിയുണ്ട കണക്കെയുള്ള ഗോളിൽ മത്സരം ബെല്ജിയത്തിന് അടിയറവച്ചെങ്കിലും പോർച്ചുഗൽ നടത്തിയ വീരോചിതമായ പോരാട്ടം മറക്കാനാവില്ല. അപകടകരമായ സ്ഥലങ്ങളിൽ റൊണാൾഡോയുടെ കാലിൽ ബോൾ എത്തുന്നത് ബെൽജിയം പ്രതിരോധം തടഞ്ഞപ്പോൾ മറ്റു പോർച്ചുഗീസ് താരങ്ങൾക്കാവട്ടെ, നിർണായക ഘട്ടത്തിൽ ഫിനിഷിങ് മികവ് കണ്ടെത്താനുമായില്ല.


യഥാർത്ഥത്തിൽ ബെൽജിയത്തെക്കാൾ ഇരട്ടിയിലേറെ ഗോൾ ശ്രമങ്ങൾ മത്സരത്തിൽ നടത്തിയത് പോർച്ചുഗലാണ്. ചിലത് ദയനീയമായി പരാജയപ്പെട്ടപ്പോൾ, ചില ഷോട്ടുകൾ ബെൽജിയം ഗോൾ കീപ്പർ തട്ടിയകറ്റി. റൊണാൾഡോയുടെ ഒരു ഫ്രീകിക്കടക്കം പലപ്പോഴും പണിപ്പെട്ടാണ് ക്വർട്ടുവ തട്ടിയകറ്റിയത്. ഒന്നിലധികം ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങിയില്ലായിരുന്നെങ്കിൽ മത്സരഫലം മാറിയേനെ.


തോൽവി റൊണാൾഡോയെ പതിവില്ലാത്ത വിധം തളർത്തുന്നതാണ് മത്സരശേഷം കണ്ടത്. ഫൈനൽ വിസിൽ മുഴങ്ങിയതോടെ നിരാശനായി റൊണാൾഡോ പെട്ടെന്നുള്ള ദേഷ്യത്തിൽ ക്യാപ്റ്റൻ ആം ബാൻഡ് പോലും ഗ്രൗണ്ടിലേക്ക് വലിച്ചെറിയുന്നത് കാണാമായിരുന്നു. പിന്നീട് ഡ്രസ്സിങ്‌റൂമിലേക്ക് മാടങ്ങവെയും താരം ഇത് ആവർത്തിച്ചു.

ഇതിനിടയിൽ വികാരഭരിതമായ ചില രംഗങ്ങൾക്കും മൈതാനം സാക്ഷ്യംവഹിച്ചു. റൊണാൾഡോയെ ആശ്വസിപ്പിക്കാനായി ബെൽജിയം സ്‌ട്രൈക്കർ റൊമേലു ലുക്കാക്കു എത്തിയതായിരുന്നു ഒന്നാമത്തേത്. മത്സരം തുടങ്ങുന്നതിന് മുൻപ് ഇത് ലുക്കാക്കുവും റൊണാൾഡോയും തമ്മിലുള്ള പോരാട്ടമായാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ, മത്സര ശേഷം റൊണാൾഡോയെ പുണർന്ന് ലുക്കാക്കു പറഞ്ഞത് കേൾക്കുക.

“താങ്കൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. G.O.A.T ആണ് താങ്കൾ. താങ്കൾക്ക് യൂറോ കപ്പല്ല, യൂറോക്ക് റൊണാൾഡോയെയാണ് നഷ്ടപ്പെട്ടത്. “ ഇങ്ങനെയായിരുന്നു ലുക്കാക്കുവിന്റെ വാക്കുകൾ. എനിക്കതറിയാം എന്നായിരുന്നു റൊണാൾഡോയുടെ മറുപടി. കളിക്കളത്തിലെ പരസ്പര ബഹുമാനത്തിന്റെ വേറിട്ട മാതൃകയായി ലുക്കാക്കുവുന്റെ വാക്കുകൾ.

പിന്നീട് റയലിൽ തന്റെ സഹതാരമായിരുന്ന ബെൽജിയം ഗോൾ കീപ്പർ ക്വർട്ടുവയുടെ അടുത്തെത്തിയ റൊണാൾഡോ ഇങ്ങനെ പറയുന്നത് കേൾക്കാമായിരുന്നു.
“ഭാഗ്യം കൊണ്ടാണ് നിങ്ങൾ ജയിച്ചത്. ദൗർഭാഗ്യം ഞങ്ങൾക്ക് വിനയായി. ഇന്ന് എന്തൊക്കെ ചെയ്‌താലും പന്ത് വലയിൽ കയറുന്നുണ്ടായിരുന്നില്ല.”

You Might Also Like