ക്വാറന്റൈൻ ഒഴിവാക്കിയാലേ രാജ്യത്തിനായി കളിക്കൂ, കടുത്ത നിലപാടെടുത്ത് റയല്‍ സൂപ്പര്‍ താരം

Image 3
FeaturedFootballLa Liga

കൊറോണ നിയമങ്ങൾ മൂലം സെർബിയയിൽ തങ്ങേണ്ടി വരികയും റയൽ മാഡ്രിഡിനു വേണ്ടി മത്സരങ്ങൾ നഷ്ടമാവുകയും ചെയ്ത താരമാണ് ലൂക്കാ ജോവിച്ച്. ഇതുമൂലം ക്വാറന്റൈൻ ഒഴിവാക്കാതെ രാജ്യത്തിന് വേണ്ടി കളിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് ലൂക്ക ജോവിച്ച് ഇപ്പോള്‍. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സ്വന്തം രാജ്യമായ സെർബിയക്ക് വേണ്ടി കളിക്കുകയാണെങ്കിൽ റയലിലേക്ക് മടങ്ങി വരുമ്പോൾ താരം നിർബന്ധിത ക്വാറന്റൈനിൽ പോവേണ്ടി വരും. അതിനാൽ താരം സെർബിയ ടീമിനൊപ്പം ചേരാതെ സ്പെയിനിൽ തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. സിദാനു കീഴിൽ താരങ്ങൾ പരിശീലനം ആരംഭിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ജോവിച്ച് റയൽ മാഡ്രിഡ്‌ ടീമിനൊപ്പം വൽഡെബെബാസിൽ പരിശീലനമാരംഭിക്കും.

സെപ്റ്റംബറിലാണ് സെർബിയക്ക് യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളുള്ളത്. തുർക്കി, റഷ്യ എന്നിവർക്കെതിരെയാണ് സെർബിയ കളിക്കാനിറങ്ങുന്നത്. ഈ മത്സരങ്ങൾക്ക് വിദേശത്ത് പോയാൽ തിരിച്ചെത്തുമ്പോൾ ലാലിഗയുടെ നിയമപ്രകാരം ജോവിച്ച് ക്വാറന്റയിനിൽ കഴിയേണ്ടി വരും. ഇതൊഴിവാക്കാനാണ് ജോവിച് ഈയൊരു തീരുമാനം എടുത്തത്. മുമ്പ് ഇക്കാര്യത്തിൽ പുലിവാല് പിടിച്ച താരമാണ് ജോവിച്ച്.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് എല്ലാവരോടും ക്വാറന്റൈനിൽ പ്രവേശിക്കാൻ റയൽ മാഡ്രിഡ്‌ നിർദ്ദേശം നൽകിയപ്പോൾ ജോവിച്ച് അത്‌ ലംഘിച്ചു കൊണ്ട് തിരിച്ച് സെർബിയയിലേക്ക് പോയിരുന്നു. ഇത് വലിയ തോതിൽ വിവാദങ്ങളുണ്ടാക്കിയിരുന്നു. ഞായറാഴ്ച്ച ജോവിച്ച് തന്റെ പിസിആർ ടെസ്റ്റ് പൂർത്തിയാക്കിയിരുന്നു. പ്രീസീസൺ മത്സരങ്ങൾക്കായുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്‌.