സുവാരസിനേയും പുറത്താക്കുന്നു, കടുത്ത തീരുമാനങ്ങളുമായി ബാഴ്‌സ

ആറു വർഷക്കാലം ബാഴ്സയിൽ മുന്നേറ്റതാരമായി നിലകൊണ്ട സൂപ്പർതാരം ലൂയിസ് സുവാരസും ഈ ട്രാൻസ്ഫർ ജാലകത്തിൽ പുറത്തു പോവുമെന്നാണ് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർട്ടീവോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ബാഴ്സ ഈ ട്രാൻസ്ഫറിൽ വിൽക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളിൽ ഒരാൾ ലൂയിസ് സുവാരസാണ്.

നാലു താരങ്ങൾ ഒഴികെ എല്ലാ താരങ്ങളെയും വിൽക്കാനുള്ള ശ്രമത്തിലാണ് ബാഴ്സയെന്നാണ് സ്പോർട്ടും മുണ്ടോ ഡീപോർട്ടീവോയും റിപ്പോർട്ട്‌ ചെയ്യുന്നത് . താരത്തിന്റെ വയസ്സും മോശം പ്രകടനവുമാണ് താരത്തിന് പുറത്തേക്കുള്ള വഴി തെളിയിക്കുന്നത്. താരത്തിന്റെ കരാറിൽ ഒരു വർഷം കൂടി മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. ഇത് പുതുക്കാൻ ബാഴ്‌സ തയ്യാറായിട്ടില്ല.

നിലവിലെ കരാർ പ്രകാരം അടുത്ത സീസണിലെ 60 ശതമാനം മത്സരങ്ങളിൽ സുവാരസ് കളിക്കുകയാണെങ്കിൽ അത് തനിയെ പുതുക്കപ്പെടും. പക്ഷെ ഈ ട്രാൻസ്ഫറിൽ തന്നെ താരത്തെ കൈവിടാനാണ് ബയേണുമായുള്ള വമ്പൻ തോൽവിക്ക് പിന്നാലെ ബാഴ്സയുടെ തീരുമാനം.

അതേസമയം താരത്തെ ക്ലബിൽ എത്തിക്കാൻ മുൻ ക്ലബായ അയാക്സിന് താല്പര്യമുണ്ട് എന്നാണ് വാർത്തകൾ. ഉറുഗ്വായൻ മാധ്യമപ്രവർത്തകനായ എൻസോ ഒലിവേരയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്. മികച്ച ഓഫർ ലഭിച്ചാൽ ബാഴ്സ അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ അയാക്സിന് കൈമാറിയേക്കും. കൂടാതെ എംഎൽഎസ് ക്ലബുകളും ഖത്തർ ക്ലബായ അൽ അറബിയും താരത്തിന് വേണ്ടി രംഗത്തുണ്ടെന്നും അഭ്യൂഹങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

You Might Also Like