കൂമാനു താത്പര്യമില്ല, സുവാരസിനെ ബാഴ്‌സ ഒഴിവാക്കുന്നു

Image 3
FeaturedFootball

ആറു വർഷക്കാലമായി ബാഴ്സയുടെ മുന്നേറ്റനിരയിൽ  വിശ്വസ്തനായ  ലൂയിസ് സുവാരസ് ബാഴ്സ വിടുമെന്നത് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. തന്റെ തന്ത്രങ്ങളിൽ സുവാരസിന് ഇടമില്ലെന്ന് ബാഴ്‌സയുടെ പുതിയ പരിശീലകൻ റൊണാൾഡ്‌  കൂമാൻ അറിയിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ.

ലൂയിസ് സുവാരസുമായും അദ്ദേഹത്തിന്റെ  വക്കീലുമായും കൂമാൻ നേരിട്ട് സംസാരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ സീസണിൽ   ടീമിൽ ഇടം ലഭിക്കില്ലെന്ന് സുവാരസിനോട് കൂമാൻ വ്യക്തമാക്കുകയായിരുന്നു. ഇതോടെ മുപ്പത്തിമൂന്നുകാരനായ ഈ സൂപ്പർ സ്ട്രൈക്കെർ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ. സുവാരസിനെ കൂടാതെ വിദാൽ, റാക്കിറ്റിച്ച് എന്നിവരും  ഈ സീസണോടെ ക്ലബ്ബ് വിട്ടേക്കും.

നിലവിൽ താരത്തിന് ബാഴ്സയുമായി ഒരു വർഷം കൂടി കരാർ അവശേഷിക്കുന്നുണ്ട്. ആ കരാർ റദ്ദാക്കി സുവാരസിനെ  ട്രാൻസ്ഫർ ജാലകത്തിൽ ഉൾപ്പെടുത്താനാണ് ബാഴ്‌സയുടെ നീക്കം.  ബാഴ്‍സയുമായി സീസണിൽ  അറുപത് ശതമാനം മത്സരങ്ങളിൽ സുവാരസിന് കളിക്കാൻ കഴിഞ്ഞാൽ കരാർ സ്വാഭാവികമായി  പുതുക്കപ്പെടുമെന്ന നിബന്ധന നിലവിലുണ്ടായിരുന്നു.

എന്നാൽ കൂമാനു കീഴിൽ സുവാരസിന് സ്ഥാനമില്ലെന്ന് ഉറപ്പിച്ചു  പറഞ്ഞതോടെ താരത്തിനു തിരിച്ചടിയായിരിക്കുകയാണ്‌. പകരക്കാരനായിട്ടാണെങ്കിലും ക്ലബിൽ തുടരാൻ താൻ തയ്യാറാണെന്നു സുവാരസ് ക്ലബ്ബിനെ അറിയിച്ചിരുന്നെങ്കിലും കൂമാനു താരത്തിൽ താത്പര്യമില്ല. സുവാരസിന് വേണ്ടി മുൻ ക്ലബ് അയാക്സ് 13.5 മില്യൺ പൗണ്ടിന്റെ ഓഫർ മുന്നോട്ടുവെച്ചിരുന്നു. പിഎസ്‌ജിയും താരത്തിനു പിന്നാലെയുണ്ടെന്നു റിപ്പോർട്ടുകൾ സജീവമാണ്.